മന്നത്തു പദ്മനാഭൻ നവേത്ഥാന നായകനല്ല, വൈക്കത്തെ സവര്‍ണജാഥ നവോത്ഥാന ജാഥയുമല്ല; ശൂദ്രസ്ഥാനം മാത്രമുണ്ടായിരുന്ന നായർ സമുദായം സ്വയം സവർണ്ണരായി പ്രഖ്യാപിച്ച ജാഥയാണതെന്നു സണ്ണി എം കപിക്കാട്

single-img
10 February 2019

നായർ സർവീസ് സൊസൈറ്റി സ്ഥാപകനായ മന്നത്തുപദ്മനാഭൻ `നവോത്ഥാന നായകൻ´  സ്ഥാനം ചോദ്യം ചെയ്തു ദളിത് ചിന്തകൾ സണ്ണി എം കപിക്കാട്. നവോത്ഥാന ധാരകള്‍ കേരളീയ സമൂഹത്തിന്റെ അവബോധത്തെ അടിസ്ഥാനപരമായി മാറ്റിമറയ്ക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേരളീയ സമൂഹം എന്തായിത്തീരണമെന്ന ചോദ്യത്തിന് മന്നത്ത് പത്മനാഭനില്‍ നിന്നും മലയാളികള്‍ക്ക് ഒരു ഉത്തരവും കിട്ടുന്നില്ലെന്നു  അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിലോ അയ്യങ്കാളിയിലോ വി.ടി ഭട്ടതിരിപ്പാടിലോ നമുക്ക് അങ്ങനെയാരു ഉത്തരം കിട്ടുമെന്നും  പക്ഷേ മന്നത്ത് പത്മനാഭന്റെ കാര്യത്തില്‍ അത്തരമൊരു ഉത്തരമില്ലെന്നും അദ്ദേഹം പറയുന്നു.

‘കേരളം ഓര്‍മ്മസൂചിക 2019’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.  ഡയറിയിൽ നിന്ന് മന്നത്തുപത്മനാഭൻ്റെ ചിത്രം ഒഴിവാക്കിയതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ ഡൂൾന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സണ്ണി എം കപിക്കാട് മന്നത്തിൻ്റെ നവോത്ഥാന സ്ഥാനത്തെ ചോദ്യം ചെയ്തത്.

നവോത്ഥാന നായകനാണ് അദ്ദേഹം എന്നതില്‍ ഒരു തര്‍ക്കമുണ്ട്. അദ്ദേഹം ചെയ്തുവെന്ന് പറയുന്ന വൈക്കത്ത് നടന്ന സവര്‍ണജാഥ, അത് ശരിക്കും സവര്‍ണ വിഭാഗങ്ങളുടെ പിന്തുണ ഈഴവവിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കുന്ന സംവിധാനം ആണെങ്കില്‍ മാത്രമേ അത് ചരിത്രകാരന്‍മാര്‍ കാണുകയുള്ളൂ. എന്നാല്‍ ശൂദ്രരായി പരിഗണിക്കപ്പെട്ടയാളുകള്‍ സ്വയം സവര്‍ണരായി പ്രഖ്യാപിച്ച ഒരു ജാഥയായിരുന്നു അത് എന്ന് എന്തുകൊണ്ടാണ് നമുക്ക് മനസിലാകാതെ പോകുന്നത്. ശൂദ്രസ്ഥാനം മാത്രമുണ്ടായിരുന്ന കേരളത്തിലെ ഒരു ജനവിഭാഗം ഞങ്ങള്‍ സവര്‍ണരാണ് എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ജാഥ കൂടിയായിരുന്നു അതെന്നും സണ്ണി എം കപിക്കാട് ചൂണ്ടിക്കാട്ടുന്നു.

അയ്യങ്കാളിയെയോ ശ്രീനാരായണ ഗുരുവിനെയോ മനസിലാക്കേണ്ടതുപോലെയല്ല മന്നത്തിനെ മനസിലാക്കേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ പ്രത്യേക മണ്ഡലത്തില്‍ വെച്ചാണ് പരിശോധിക്കേണ്ടത്. അതല്ലാതെ ശ്രീനാരണന്‍ സമം മന്നത്ത് പത്മനാഭന്‍ എന്നൊക്കെ പറയുന്നതില്‍ പിശകുണ്ടെന്നും സണ്ണി എം കപിക്കാട് ചൂണ്ടിക്കാട്ടുന്നു. ഇത്രയും കാലം മന്നത്ത് പത്മനാഭന്‍ കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്ന് പറഞ്ഞു നടന്നവര്‍ അത് വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു കാരണം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

മന്നത്ത് പത്മനാഭന്‍ ചെയ്ത കാര്യങ്ങളേയല്ല ശ്രീനാരായണ ഗുരു ചെയ്തത്. തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ചെയ്തത്. മലയാളിയുടെ മാനദണ്ഡങ്ങളെ മാറ്റാന്‍ എന്ത് സംഭാവനയാണ് മന്നത്ത് മുന്നോട്ടുവെക്കുന്നത് എന്ന ചോദ്യമാണ് അതില്‍ ഉള്ളത്. സാമൂഹിക ജീവിതത്തിലെ മാനദണ്ഡങ്ങളെ മാറ്റിമറിക്കാന്‍ പോന്ന ഒന്നും ചെയ്തിട്ടില്ലെന്ന് തന്നെ പറയാം- അദ്ദേഹം പറയുന്നു.

വി.ടി ഭട്ടതിരിപ്പാട് പ്രബുദ്ധ കേരളത്തെ കുറിച്ച് പറയുന്നുണ്ട്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത മലയാളിയെ കുറിച്ച ശ്രീനാരായണ ഗുരു പറയുന്നുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശമുള്ളൊരു ദേശത്തെ കുറിച്ച് അയ്യങ്കാളി പറയുന്നുണ്ട്. മന്നത്ത് പത്മനാഭന്‍ എന്താണ് പറഞ്ഞത്. ആ ചോദ്യം ബാക്കിയുണ്ട്. ഇതിനെയെല്ലാം കൂടി ഒരൊറ്റ ചരടില്‍ കെട്ടിത്തൂക്കേണ്ട കാര്യമില്ല എന്നുള്ളതായിട്ടാണ് താൻ കരുതുന്നതെന്നും സണ്ണി എം കപിക്കാട് പ്രതികരിച്ചു.