‘റഫാലി’ല്‍ സിഎജി റിപ്പോര്‍ട്ട് തയ്യാര്‍; നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിചേക്കും; മോദി സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാകും

single-img
10 February 2019

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റില്‍ വച്ചേക്കും. സര്‍ക്കാരും സിഎജിയുമായി ആശയവിനിമയം നടത്തുകയാണ്. വ്യോമസേനയുടെ ആയുധഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടെന്നാണ് സൂചന. ഇടപാടില്‍ പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് അതി നിര്‍ണ്ണായകമാണ്.

പൊതു തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ റഫാല്‍ ഇടപാടിലെ സി.എ.ജി കണ്ടെത്തല്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാകും. രാഷ്ട്രപതിക്ക് കൈമാറുന്ന ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉടന്‍ ലോക്‌സഭ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരുടെ കൈകളിലെത്തും. നടപ്പു സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചേക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

റഫാല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്നയിക്കാതിരിക്കാനാണിത്.

ജൂണ്‍ 2001നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാനനിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ദസോ വികസിപ്പിച്ച ‘റഫാല്‍’ എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുതകുന്നതാണെന്ന് കണ്ടാണ് കരാര്‍ ഏല്‍പിച്ചത്.

ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാനും, ബാക്കി വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പഴയ കരാര്‍ പ്രകാരം വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറില്‍ ഇതില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

റഫാലിന്റെ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാര്‍ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയന്‍സ് ഗ്രൂപ്പും ആരോപണങ്ങള്‍ നിരന്തരം നിഷേധിച്ചിരുന്നു.