ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ല: പിണറായി വിജയൻ

single-img
10 February 2019

ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷസാന്നിധ്യം എന്ത് മാറ്റമുണ്ടാക്കുമെന്ന് ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കണ്ടതാണെന്നും അത് ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലല്ലോ എന്ന് സംശയിക്കുന്നവർക്കു മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ഇടതുപക്ഷ ഇടപെടല്‍ വഴിയൊരുക്കി. ആ വഴിക്കാണ് ഇന്ന് ദേശീയ രാഷ്ട്രീയം തിരിഞ്ഞിരിക്കുന്നത്- കെ.എസ്.ടി.എ സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കും കൂട്ടര്‍ക്കും ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാല്‍ മതനിരപേക്ഷതയും ജനാധിപത്യവും തകരും. രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്‌കാരമാണ് കേരളത്തിൻ്റേത് അത് നിലനിര്‍ത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

കോടികള്‍ വിലയിടുന്നതിന് അനുസരിച്ച് രാഷ്ട്രീയനിലപാട് എടുക്കുന്ന ആഭാസന്മാര്‍ പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ടെന്നും അവര്‍ ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടെന്നുള്ള കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാടിനെ ഇരുണ്ടനാളുകളിലേക്ക് തള്ളിയിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.  ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.