‘നായിഡു ചതിയന്‍, ഡല്‍ഹിക്ക് വരുന്നത് ഫോട്ടോ എടുക്കാന്‍; പിന്നില്‍ നിന്ന് കുത്തുന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാവ്’: ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് മോദി

single-img
10 February 2019

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രബാബു നായിഡു ചതിയനാണെന്ന് മോദി കുറ്റപ്പെടുത്തി. ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവേയാണ് നായിഡുവിനെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ത്തിയത്.

ടി.ഡി.പിബി.ജെ.പി സഖ്യം പിരിഞ്ഞതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ആന്ധ്രാ സന്ദര്‍ശനമാണിത്. ചന്ദ്രബാബു നായിഡു ചതിയനാണ്. അദ്ദേഹവും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണ്. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മോദി ആരോപിച്ചു.

ചന്ദ്രബാബുനായിഡുവിന്റെ യാത്രകള്‍ക്കും പരിപാടികള്‍ക്കും പൊതുജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ബി.ജെ.പി പരിപാടി നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് പണം ചിലവാക്കാറുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യതലസ്ഥാനത്തെ നായിഡുവിന്റെ ഉപവാസത്തെയും പ്രധാനമന്ത്രി പരിഹസിച്ചു.

ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാന്‍ ഡല്‍ഹിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം. മുന്നണി മാറ്റത്തിലും പരാജയങ്ങളുടെ എണ്ണത്തിലും ഒപ്പം നില്‍ക്കുന്നവരെ പിന്നില്‍ നിന്ന് കുത്തുന്നതിലുമെല്ലാം നായിഡു തന്നെക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി പരിഹസിച്ചു.

എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡുവെന്നും മോദി തുറന്നടിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എന്‍.ടി.ആര്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാടില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു.

ഞാറാഴ്ച രാവിലെ വിജയവാഡ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയും ഗവര്‍ണറും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മോദിക്ക് പ്രവേശനമില്ലെന്നും മോദിയെ ഇനി തിരഞ്ഞെടുക്കില്ലെന്നും എഴുതിയിരുന്ന വലിയ ബോര്‍ഡുകളാണ് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ‘മോദി ഗോബാക്’ എന്ന മുദ്രാവാക്യവുമായി കറുത്ത കൊടികളുയര്‍ത്തി ആന്ധ്രയില്‍ പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.