താന്‍ 25 തവണ വിളിച്ചിട്ടും മന്ത്രി ഫോണെടുത്തില്ല; വിമര്‍ശനവുമായി കേന്ദ്രമന്ത്രി കണ്ണന്താനം

single-img
10 February 2019

കേരളത്തിലെ ഒരുമന്ത്രിയെ കഴിഞ്ഞ ദിവസം 25 തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രി തിരിച്ചുവിളിച്ചതുമില്ല. വിനോദസഞ്ചാരമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ കേരളസര്‍ക്കാര്‍ വേണ്ടരീതിയില്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു കണ്ണന്താനത്തിന്റെ വിമര്‍ശനം. എന്നാല്‍, മന്ത്രി ആരെന്ന് പറയാന്‍ കണ്ണന്താനം വിസമ്മതിച്ചു.

കേന്ദ്രസര്‍ക്കാര്‍, ഇവിടെ നടത്തുന്ന പരിപാടികളില്‍നിന്ന് കേരള ടൂറിസം ഡെവലപ്പമെന്റ് കോര്‍പ്പറേഷനെ ഒഴിവാക്കുന്നെന്ന് ചൂണ്ടിക്കാട്ടി, അടുത്തിടെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചെന്ന് വാര്‍ത്ത വന്നിരുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും കണ്ണന്താനം അറിയിച്ചു.

കേന്ദ്രവിനോദസഞ്ചാരവകുപ്പ് കേരളത്തില്‍ എന്ത് പരിപാടി നടത്തിയാലും മുഖ്യമന്ത്രിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും താന്‍ കത്തിലൂടെ അറിയിക്കാറുണ്ട്. അടുത്തിടെ, കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിക്കും അയച്ച കത്തുകളുടെ പകര്‍പ്പും കണ്ണന്താനം ഹാജരാക്കി.

ഈ മര്യാദ കേരളസര്‍ക്കാര്‍ തിരിച്ചുകാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നൂറ് ശതമാനം തുകയും നല്‍കുന്ന പദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 550 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ കേരളത്തിന് നല്‍കി.

ശബരിമല പമ്പ എരുമേലി എന്നിവിടങ്ങളിലെ വികസനത്തിനായി നല്‍കിയ 99.99 കോടിരൂപ രണ്ടുവര്‍ഷമായി ചെലവഴിച്ചിട്ടില്ല. കേന്ദ്രത്തില്‍നിന്ന് തന്നത് ചെലവഴിക്കാതെ കഴിഞ്ഞ സംസ്ഥാനബജറ്റില്‍ ശബരിമലയ്ക്കായി കോടികള്‍ മാറ്റിവെച്ചെന്ന് പറയുന്നതില്‍ കാര്യമുണ്ടോയെന്ന് ജനം വിലയിരുത്തുമെന്നും കണ്ണന്താനം പറഞ്ഞു.