അവള്‍ ബുദ്ധിയില്ലാത്തവള്‍, വെറും ഐ.എ.എസ്!: ദേവികുളം സബ്കളക്ടറെ അവഹേളിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ; വിശദീകരണം തേടുമെന്ന് സിപിഎം

single-img
10 February 2019

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഎം. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു.

സബ് കളക്ടറോട് പെരുമാറിയത് ശരിയായ രീതിയിലാണോ എന്ന് പാര്‍ട്ടി അന്വേഷിക്കും. ഇക്കാര്യത്തില്‍ എംഎല്‍എയോട് നേരിട്ട് വിശദീകരണം ചോദിക്കുമെന്നാണ് സിപിഎം പറയുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയത്.

‘ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ’ എസ് രാജേന്ദ്രന്‍ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു.

ലോക്കല്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇത് പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അപകടം മണത്ത എം.എല്‍.എ. സ്ഥലത്തുനിന്ന് മാറി. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചപ്പോള്‍ വിവാദമാകുകയായിരുന്നു. എം.എല്‍.എ.ക്കെതിരേ സബ്കളക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിടനിര്‍മാണം തുടര്‍ന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ദേവികുളം സബ്കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘താന്‍ പോയി പണിനോക്കാന്‍ പറഞ്ഞു’ എന്നാണ് എം.എല്‍.എ. ആരോപിക്കുന്നത്. എന്നാല്‍, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എല്‍.എ. എന്നുമാത്രമാണ് വിളിച്ചത്. നിര്‍മാണം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞത് സബ് കളക്ടര്‍ അറിയിച്ചു.