അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ കടുത്ത പ്രതിഷേധം; മോദി കടന്നു പോകുന്ന വഴിയാകെ ‘മോദി നോ എന്‍ട്രി’ ബോര്‍ഡുകള്‍

single-img
10 February 2019

അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ കടുത്ത പ്രതിഷേധം. മോദി കടന്നു പോകുന്ന റോഡുകൾക്കരികിൽ ‘മോദി നോ എന്‍ട്രി’ എന്നെഴുതിയ പടുകൂറ്റന്‍ ബോര്‍ഡുകൾ സ്ഥാപിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന തരത്തിലുള്ള പോസ്റ്ററുകളും പ്രതിഷേധക്കാർ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

https://twitter.com/srspdkt/status/1094397718879850498

ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനിടയിലാണ് ഇത്തരം ഒരു പ്രതിഷേധം മോദിക്കെതിരെ ഉണ്ടായിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പേരില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. മോദി എത്തുന്നതിനു മുന്നേ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി പ്രവർത്തകർ.

മോദിയുടെ സന്ദർശനത്തിനെതിരെ ബി.ജെ.പി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ടി.ഡി.പി നേതാവും എം.പിയുമായ രാം മോഹന്‍ നായിഡു മോദിക്ക് പ്രതിഷേധമറിയിച്ച് കത്തെഴുതുകയും ചെയ്തിരുന്നു. നാളെ പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോദി മറുപടി പറയേണ്ടി വരുമെന്ന് രാം മോഹന്‍ നായിഡു കുറ്റപ്പെടുത്തിയത്.