മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് ഞൊടിയിടയില്‍ എടുത്ത തീരുമാനം ഒഴിവാക്കിയത് വന്‍ ദുരന്തം; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

single-img
10 February 2019

വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും പലപ്പോഴും ക്രോസ് വിന്‍ഡുകള്‍ വില്ലനാകാറുണ്ട്. (വിമാനത്തിനു കുറുകെ വീശുന്ന കാറ്റാണ് ക്രോസ് വിന്‍ഡ്). ശക്തമായ കാറ്റുള്ളപ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുന്നത് പൈലറ്റുമാര്‍ക്കു വന്‍ വെല്ലുവിളിയാണ്.

ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനം നിലത്തിറക്കണോ ലാന്‍ഡിങ് ഉപേക്ഷിക്കണോ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ പരിശീലനം ലഭിച്ചവരാണ് വൈമാനികരെങ്കിലും ക്രോസ് വിന്‍ഡ് കാരണം നിരവധി വിമാനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.

അത്തരത്തിലൊരു ലാന്‍ഡിങ് ശ്രമത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹൈദരാബാദില്‍നിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം ഹീത്രൂ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

റണ്‍വേയിലേക്കു താഴ്ന്നു പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞു. പിന്‍ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും റണ്‍വേയില്‍ കുത്തി ഉയര്‍ന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം ആകാശത്തേക്ക് ഉയര്‍ത്തി അപകടമൊഴിവാക്കുകയായിരുന്നു. മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് ഞൊടിയിടയില്‍ എടുത്ത തീരുമാനമാണ് നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചത്.