ഇത്രത്തോളം തരംതാണ മാനസിക നിലവാരത്തെയാണ് ആനപ്രേമം എന്ന പേരിട്ട് മഹത്വവത്കരിക്കുന്നത്

single-img
10 February 2019

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ  എന്ന ആന ഇടഞ്ഞതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ´ആനപ്രേമ´ത്തെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് കുറിപ്പ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ `കുറുമ്പുകളുടെ´ ലിസ്റ്റ് അക്കമിട്ട് നിരത്തി കൊണ്ടാണ് വിഷ്ണു വിജയൻ ഫേസ്ബുക്കിൽ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇന്നലെ ഈ ആന ഇടയാൻ കാരണം അടുത്ത പറമ്പിൽ ആരോ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പരിഭ്രാന്തനായത് മൂലമാണെന്നും വിരണ്ടോടിയ ആന ഒരു തെങ്ങ് തള്ളി താഴെയിടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു പടക്കം പൊട്ടിച്ചാൽ വിരണ്ടോടുന്ന, തെങ്ങ് പിഴുതെറിയുന്ന ഈ ജീവിയെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവത്തിന് അത്രയധികം ജനങ്ങളുടെ ഇടയിൽ കൊണ്ടു നിർത്തുന്നതെന്നും വിഷ്ണു വിജയൻ ചൂണ്ടിക്കാട്ടുന്നു

കുറുപ്പിൻ്റെ പൂർണ്ണരൂപം:

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കുറുമ്പ് അൽപം കൂടുതലാണ്.

തൃശൂരിൽ ഗൃഹപ്രവേശത്തിനത്തിനും ഉത്സവത്തിനും വേണ്ടി കൊണ്ടുവന്ന ആന ഇടഞ്ഞോടിയ സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും, എട്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതിന് ശേഷം ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയെ കുറിച്ച് ആനപ്രേമികളുടെ അഭിപ്രായമാണ് മുകളിൽ പറഞ്ഞത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ കുറുമ്പിൻ്റെ ഒരു ബ്രീഫ് ഹിസ്റ്ററി ഇങ്ങനെയാണ്.

2009 ലാണ് തൃശൂരിൽ ഒരു ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞതിനെ തുടർന്ന് ആക്രമണത്തില്‍ ഒരു പന്ത്രണ്ടു വയസ്സുകാരൻ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തത്.

ആ വർഷം തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് അക്രമത്തിൽ ഒരു സ്ത്രീ മരിക്കുകയും ചെയ്തു.

2013 ലാണ് പെരുമ്പാവൂരിൽ ഇടഞ്ഞപ്പോൾ മൂന്ന് സ്ത്രീകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ആറ് പാപ്പാൻമാരും, നാല് സ്ത്രീകളും ഉൾപ്പെടെ ഇന്നലെ തൃശ്ശൂർ നടന്ന സംഭവമടക്കം 12 ജീവനുകളാണ് ആനപ്രേമികൾ പറയുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കുറുമ്പിൽ നഷ്ടമായത്.

പാപ്പാന്‍റെ മർദ്ദനത്തെ തുടർന്ന് ഈ ആനയുടെ വലതുകണ്ണിന്‍റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം കാലക്രമേണ ഇടതുകണ്ണിന്‍റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു.

ഇന്നലെ ഈ ആന ഇടയാൻ കാരണം അടുത്ത പറമ്പിൽ ആരോ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പരിഭ്രാന്തനായത് മൂലമാണ്. വിരണ്ടോടിയ ആന ഒരു തെങ്ങ് തള്ളി താഴെയിടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

നോക്കണേ ഒരു പടക്കം പൊട്ടിച്ചാൽ വിരണ്ടോടുന്ന, തെങ്ങ് പിഴുതെറിയുന്ന ഈ ജീവിയെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവത്തിന് അത്രയധികം ജനങ്ങളുടെ ഇടയിൽ കൊണ്ടു നിർത്തുന്നത്.

ഒരു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ കഥയല്ല ഇത്. ഇൻ്റർനെറ്റിൽ വെറുതെ ഒന്നു സെർച്ച് ചെയ്താൽ കിട്ടും കേരളത്തിൽ അങ്ങോളമിങ്ങോളം ആന ഇടഞ്ഞതിന്റെ നൂറുകണക്കിന് വീഡിയോകൾ.

പല ജീവനുകൾ പൊലിഞ്ഞിട്ടും യാതൊരു തടസ്സവുമില്ലാതെ അതേ ആനകളെ നിർദ്ദയം എഴുന്നള്ളിപ്പിനും, ഉത്സവത്തിനും ഉൾപ്പെടെ ഉപയോഗിച്ച് വരുന്നു.

ഉത്സവത്തിനും, പെരുന്നാളിനും മാത്രമല്ല, ടൂറിസം, ഉത്ഘാടനങ്ങൾ, ചില പ്രോഗ്രാമുകൾ, ഗൃഹപ്രവേശത്തിനത്തിന് പോലും അഭിമാനം കാണിക്കാനായി ഈ ജീവീയെ ഉപയോഗിച്ച് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

കാട്ടിൽ ജീവിക്കേണ്ട ഒരു ജീവിയെയാണ് നാട്ടിൽ കൊണ്ടുവന്ന്, പൊരിവെയിലത്ത് നിർത്തി ആനപ്രേമം എന്നൊക്കെ പേരിട്ട് ക്രൂരത കാണിക്കുന്നത്.

ഫലമോ, അതിന്റെ അക്രമത്തിൽ പരുക്കേൽക്കുന്നതും, നഷ്ടപ്പെടുന്നതും നൂറുകണക്കിന് ജീനുകൾ, ഒടുവിൽ അതിന് ആനയുടെ കുറുമ്പ് എന്ന വിശേഷണവും, ഇങ്ങനെ ആനയുടെ അക്രമണത്തിൽ നഷ്ടപ്പെടുന്ന ജീവനുകളെ പോലും നിസ്സാരവത്കരിച്ച് പറയാൻ കഴിയുന്ന മാനസികാവസ്ഥയിലാണ് ഈ മനുഷ്യരൊക്കെ ജീവിക്കുന്നത്.

അത്രത്തോളം തരംതാണ മാനസിക നിലവാരത്തെയാണ് ഇവർ ആനപ്രേമം എന്ന പേരിട്ട് മഹത്വവത്കരിച്ച് കൊണ്ടു നടക്കുന്നത്…