പത്മകുമാര്‍ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്പര്യ പ്രകാരം; പത്മകുമാറിനെതിരെ സി പി എം

single-img
10 February 2019

സുപ്രീംകോടതി വിധി അംഗീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ച ശേഷം ബോർഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്പര്യ പ്രകാരം എന്ന് സി പി എമ്മിന് സൂചന ലഭിച്ചതായി വിവരം. ഇക്കഴിഞ്ഞ നവംബർ 7 നാണ് സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശവിധി അംഗീകരിച്ചു തുടർനടപടിയെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുന്നത്. തീരുമാനത്തിൽ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും അംഗം കെ.പി. ശങ്കരദാസും ഒപ്പു വെക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവേ ബോർഡ് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചതും.

എന്നാൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാട് പുറത്തു വന്നതിനു പിന്നാലെ എ.പത്മകുമാർ അതിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും, ദേവസ്വം കമ്മിഷണർ എൻ.വാസുവിനോടു വിശദീകരണം തടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ സി പി എമ്മും സർക്കാരും വെട്ടിലാകുകയായിരുന്നു. എന്നാൽ പത്മകുമാർ മുൻ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്പര്യ പ്രകാരം ആണ് എന്നാണ് സി പി എമ്മിന് ലഭിച്ച വിവരം.

ഇതേ തുടർന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി നേരിട്ട് പത്മകുമാറിന്റെ ശാസിച്ചത്. ശബരിമല യുവതീപ്രവേശത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും, പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനോട് പറഞ്ഞതായാണ് വിവരം. കൂടാതെ രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിർദേശവും കോടിയേരി പത്മകുമാറിന് നൽകി.

പത്മകുമാര്‍ ബോർഡ് പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന. പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ രാജഗോപാലന്‍ നായരെ നിയമിക്കണം എന്ന വാദവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനാക്കണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ഉണ്ട്. ഇലക്ഷൻ കഴിയുന്നതോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.