വിമാനം പറന്നുയര്‍ന്ന ഉടന്‍ യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു; കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

single-img
10 February 2019

മസ്‌ക്കറ്റ്: ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാന കാബിനിലെ വായു മര്‍ദത്തില്‍ വ്യത്യാസം വന്നതാണ് തിരിച്ചിറക്കാന്‍ കാരണം. വിമാനത്തിനുള്ളിലെ മര്‍ദ വ്യത്യാസം മൂലം നാലു യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു.

യാത്രക്കാര്‍ക്ക് കടുത്ത തലവേദനയും ചെവി വേദനയും അനുഭവപ്പെടുകയും ചെയ്തു. പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് സഹിക്കാന്‍ കഴിയാത്ത ചെവിവേദനയും തലവേദയും ഉണ്ടായതെന്ന് യാത്രക്കാരനായ ഫൈസല്‍ പറഞ്ഞു. പിന്നീടാണ് വസ്ത്രത്തില്‍ രക്തം കണ്ടത്. ഇതോടെ പലരും പരിഭ്രാന്തിയിലായി.

യാത്രക്കാര്‍ക്ക് അസ്വസ്ഥതകള്‍ വര്‍ധിച്ചപ്പോള്‍ തന്നെ വിമാനം തിരിച്ചുപറക്കുകയാണെന്ന് അറിയിപ്പ് നല്‍കിയിരുന്നു. വിമാന ജീവനക്കാര്‍ ഫസ്റ്റ് എയിഡ് മെഡിസിന്‍ നല്‍കുകയും ചെയ്തു. തിരിച്ച് മസ്‌കത്തിലിറക്കിയ ശേഷം ഒരു മണിക്കൂര്‍ യാത്രക്കാര്‍ വിമാനത്തിനുള്ളിലിരുന്നു. തുടര്‍ന്നാണ് ടെര്‍മിനലിലേക്ക് മാറ്റിയത്.