കടലിനുള്ളിലെ ചിപ്പിദ്വീപ്…

single-img
9 February 2019

ഉഡുപ്പിയിലെ മാൽപെ ബീച്ചിനോട് അടുത്തുള്ള സെൻറ് മേരീസ് ഐലൻഡ്. ഈ ഇത്തിരിക്കുഞ്ഞൻ ദ്വീപിനെ ചിപ്പിദ്വീപെന്നു വിളിക്കുന്നതോ പാറക്കൊട്ടാരം എന്നു വിളിക്കുന്നതോ കൂടുതൽ ഉചിതം എന്നറിയില്ല. എനിക്കേറെ ഇഷ്ടം ചിപ്പികളോടായതുകൊണ്ട് ഞാൻ ഇതിനെ ചിപ്പിദ്വീപെന്ന് വിളിച്ചോട്ടെ?

വെള്ളിയാഴ്ച വൈകുന്നേരം കായംകുളം ജംഗ്ഷനിൽ നിന്നും ഒരു മണിക്കൂർ വൈകിയെത്തിയ മാവേലിയിൽ ഇടം പിടിക്കുമ്പോൾ എപ്പോഴത്തെയും പോലെ എല്ലാ ആശങ്കകളും ടെൻഷനുകളും മാറ്റി വച്ച് മനസ് യാത്രയ്ക്കായി സജ്ജമായി കഴിഞ്ഞിരുന്നു. ഇത്തവണയും പതിവുപോലെ ഞങ്ങൾ കുറേ പെണ്ണുങ്ങൾ ചേർന്നായിരുന്നു യാത്ര. നേരിട്ട് മുൻപരിചയം ഉള്ള ആരും തന്നെ ഈ യാത്രയിൽ ഒപ്പമില്ല. അതുപക്ഷേ ആരോടും പെട്ടെന്ന് കൂട്ടുകൂടുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നവുമല്ല. എറണാകുളത്തു നിന്ന് അസ്‌മിയും ഇതേ ട്രെയിനിൽ ഉണ്ടാവും എന്ന് മെസ്സേജ് കിട്ടിയിരുന്നു. രാവിലെ ട്രെയിൻ കണ്ണൂരെത്തിയപ്പോഴേക്കും അസ്‌മിയും ഞാനും പരസ്പരം കണ്ടുമുട്ടി. പിന്നീടങ്ങോട്ട് ഒരുമിച്ചായി യാത്ര. കാഴ്ചകളെ പിന്നിലാക്കി ട്രെയിൻ മുന്നോട്ടു കുതിക്കുംതോറും പരിചയവും വളർന്നുകൊണ്ടിരുന്നു. നേത്രാവതി നദിക്കു മുകളിലൂടെ ട്രെയിൻ നീങ്ങുമ്പോൾ താഴെ കൊട്ടവഞ്ചികളിൽ മീൻ പിടിക്കുന്നവരുടെ മനോഹരദൃശ്യം. ട്രെയിൻ മംഗലാപുരം സ്റ്റേഷനോട് അടുക്കുകയായിരുന്നു. ട്രാക്കിന് ഇരുവശത്തും വളർന്നു നിൽക്കുന്ന അന്തിക്കാടൻ പുല്ലും ഇളം റോസും വെള്ളയും പൂക്കൾ നിറഞ്ഞ വള്ളിച്ചെടികളും.ലേഡീസ് വെയ്റ്റിംഗ് റൂമിൽ ഞങ്ങൾക്ക് മുൻപേ എത്തിയവർ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. ഒന്നു ഫ്രഷായി അത്യാവശ്യം പരിചയപ്പെടലും കഴിഞ്ഞ് അവരെ ബാഗ് ഏൽപ്പിച്ചു അടുത്തു കണ്ട റെസ്റ്റോറന്റിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു വന്നപ്പോഴേക്കും ടീമിലെ മറ്റംഗങ്ങളും എത്തിച്ചേർന്നു. ഞങ്ങൾക്ക് പോകാനുള്ള വണ്ടി എത്തിയിട്ടുണ്ടെന്ന അറിയിപ്പിനെ തുടർന്ന് എല്ലാവരും ബാഗുമെടുത്ത് വെളിയിലേക്ക്. പതിമൂന്നുപേർ മാത്രമടങ്ങുന്ന ഞങ്ങളുടെ യാത്രാസംഘത്തിന് ആ പതിനെട്ടു സീറ്റർ ട്രാവലർ സൗകര്യപ്രദമായിരുന്നു. മംഗലാപുരത്തു നിന്നും ഉഡുപ്പിയിലെ മാൽപെ ബീച്ചിലേക്കുള്ള 61 കിലോമീറ്റർ യാത്ര ചെയ്യാൻ ഏകദേശം രണ്ടു മണിക്കൂറോളം സമയമെടുത്തു. NH 66 ലൂടെയുള്ള ആ യാത്രയിലും റോഡിന് ഇരുവശത്തും നിറയെ അന്തിക്കാടൻ പുല്ലുകൾ ദൃശ്യമായിരുന്നു.

മാൽപെയിൽ നിന്നും ദ്വീപിലേക്ക് ചെറുതും വലുതുമായ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞങ്ങളും ടിക്കറ്റെടുത്ത് ഒരു വലിയ ബോട്ടിലെ യാത്രക്കാരോടൊപ്പം ചേർന്നു. ഹിന്ദിയും തമിഴും മലയാളവും ഒക്കെ സംസാരിക്കുന്ന ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു കൂട്ടം യാത്രക്കാർ. ബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ ഇട്ട പാട്ടിൻറെ മേളം സെൽഫിയെടുക്കലിൽ മുങ്ങിപ്പോയി. ഞാനും ക്യാമറയുമായി സൈഡിൽ ഇടംപിടിച്ചു. ഇടതുവശത്തെ പുലിമുട്ടും പിന്നിട്ടു ബോട്ട് മുന്നോട്ട് നീങ്ങവേ ചെറിയ ബോട്ടുകൾ സൈഡിലൂടെ നീങ്ങുന്നത് കാണാമായിരുന്നു. അല്പം അകലെയായി ഒരു പാറക്കൂട്ടം ദൃശ്യമായി. ഒരു വലിയ തിര ആ പാറക്കൂട്ടത്തിലേക്ക് അടിച്ചുകയറിയത് ഒരു വിസ്മയക്കാഴ്ചയിലേക്കാണ് നയിച്ചത്. നൂറു കണക്കിന് പക്ഷികൾ ആ പാറക്കൂട്ടങ്ങളിൽ നിന്ന് പൊങ്ങിപ്പറക്കുന്ന കാഴ്ച ക്യാമെറയിൽ ഒതുക്കാൻ ബോട്ടിൻറെ ഉലച്ചിലിൽ അല്പം പണിപ്പെടേണ്ടി വന്നു. പാറക്കൂട്ടവും പിന്നിട്ട് മുന്നോട്ടു നീങ്ങിയപ്പോൾ അങ്ങകലെ ദ്വീപ് ദൃശ്യമായി തുടങ്ങി. ദ്വീപിൻറെ പച്ചപ്പാണ് ആദ്യം കണ്ണിലുടക്കുക. തെങ്ങുകളും പിന്നെ തീരത്തോട് ചേർന്ന് നിൽക്കുന്ന പേരറിയാത്ത കുറ്റിച്ചെടികളും മരങ്ങളും. ദ്വീപിനോടടുക്കുംതോറും കടലിൽ നിന്നും ഉയർന്നു നിൽക്കുന്ന പാറകളും ദൃശ്യമായി തുടങ്ങി. ബീച്ചിൽ നിന്നും ദ്വീപിലേക്കുള്ള 6 കിലോമീറ്റർ ദൂരം പിന്നിടാൻ അരമണിക്കൂർ സമയമെടുക്കും. വലിയ ബോട്ട് തീരത്തേക്ക് അടുപ്പിക്കാൻ കഴിയാത്തതിനാൽ സഞ്ചാരികളെ ഒരു ചെറിയ ബോട്ട് അടുപ്പിച്ചു അതിലേക്കു കയറ്റി. ദ്വീപിലേക്കുള്ള പ്രവേശനകവാടം ഞങ്ങളെ സ്വാഗതം ചെയ്തു തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നില്ല. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഞങ്ങൾ ദ്വീപ് മുഴുവൻ നടന്നു കാണാൻ തുടങ്ങി.

പോർട്ടുഗലിൽ നിന്നുള്ള യാത്രാമദ്ധ്യേ വാസ്കോഡിഗാമ ഈ ദ്വീപിൽ ഇറങ്ങിയെന്നും മാതാ മറിയത്തോടുള്ള ആദരസൂചകമായി O Padrao De Santa Maria എന്ന് പേരുനല്കി എന്നുമുള്ള നാടോടി കഥകൾ പ്രചാരത്തിലുണ്ട്. 88 മില്യൺ വർഷങ്ങൾക്കു മുൻപ് മഡഗാസ്കർ ഇന്ത്യയോട് ചേർന്ന് സ്ഥിതിചെയ്ത സമയത്ത് അഗ്നി പർവ്വതങ്ങളിൽ നിന്നുള്ള ബസാൾട്ടിക് ലാവ ഉറഞ്ഞുണ്ടായ സ്തൂപാകൃതിയിൽ ഉള്ള ധാരാളം പാറക്കൂട്ടങ്ങൾ ദ്വീപിലാകമാനം കാണാം. ഏതോ കരവിരുതുള്ള ശില്പി കൊത്തിയുണ്ടാക്കിയതുപോലെ അഞ്ചുമുതൽ ഏഴും എട്ടും വശങ്ങൾ വരെയുള്ള പാറകൾ ഒരു പ്രത്യേക കാഴ്ച തന്നെയാണ്. പാറക്കൂട്ടങ്ങളുടെ മുകൽപ്പരപ്പാണെങ്കിൽ കല്ലുകൾ വെട്ടി ഒരുക്കി പാകിയ പോലെയും. ഇവിടെയും ഒരു പ്രത്യേക ഇനം പുല്ല് സമൃദ്ധിയായി വളർന്നു നിൽപ്പുണ്ട്. ഇത്രയും ഭംഗിയാർന്ന ഈ സ്ഥലത്തും പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞുപോയ ചിലരെങ്കിലും ഉണ്ട്. ദ്വീപിലെ ഒരു ജീവനക്കാരി ഇങ്ങിനെ ഉപേക്ഷിച്ചുപോയ കുപ്പികൾ പെറുക്കി നീങ്ങുന്നതും കാണാമായിരുന്നു.

അര മണിക്കൂർ കൊണ്ട് ദ്വീപിലെ ചുറ്റിക്കറക്കവും ഫോട്ടോസെഷനും അവസാനിപ്പിച്ച് ഞങ്ങൾ കടലിലേക്കിറങ്ങി. പാറകൾക്കിടയിലുള്ള ആഴം കുറഞ്ഞ സ്ഥലത്തേ ഇറങ്ങാവൂ എന്ന് തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകി. ആദ്യം മടിച്ചു നിന്നവരും പിന്നീട് ഒപ്പം കൂടി. ദ്വീപിലേക്ക് ബോട്ടുകൾ അടുക്കുന്നതിൻറെ മറുഭാഗത്ത് ഞങ്ങൾ ഇറങ്ങിയ ഈ തീരം മുഴുവൻ മണലിനു പകരം ചെറിയ ചിപ്പികളാണുള്ളത്. അതുകൊണ്ടു തന്നെ തീരത്തേക്ക് അടിച്ചുകയറുന്ന തിരകൾ നല്ല തെളിഞ്ഞ വെള്ളമാണ് ഉൾക്കൊള്ളുന്നത്. മണൽ നമ്മുടെ ദേഹത്തേയ്ക്ക് അടിഞ്ഞു കയറും എന്ന ഭീതി വേണ്ടേ വേണ്ട. ഒന്നൊന്നര മണിക്കൂറോളം കടലിൽ ആവോളം കളിച്ചു തിമിർത്തു. അഞ്ചരമണിയുടെ അവസാനബോട്ടിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതുകൊണ്ട് നാലുമണിയുടെ ബോട്ടിന് മടക്കയാത്ര ആകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെയാണ് കടലിൽ നിന്ന് കയറിയത്. ദ്വീപിൻറെ മറുതീരം ചുറ്റി മുൻവശത്തെത്തി ബോട്ടിനായി കാത്തുനിൽക്കുന്നതിനിടയിൽ സാഹസികകളായ ചില കൂട്ടാളികൾ വാട്ടർ സ്കൂട്ടറിലും കയറാൻ മറന്നില്ല.

ആവേശങ്ങളും ആരവങ്ങളും ഒഴിഞ്ഞ മടക്കയാത്ര. ബോട്ടിലുണ്ടായിരുന്ന എല്ലാവരിലും പ്രിയപ്പെട്ടതെന്തോ പിന്നിലുപേക്ഷിച്ചുപോകുന്ന മുഖഭാവം. തിരിഞ്ഞു നോക്കാൻ തോന്നിയില്ല. ഇനിയും വരാമെന്ന യാത്രാമൊഴിക്കായി ദ്വീപ് കാതോർത്തു നിൽക്കുന്നുണ്ടാവുമെങ്കിലോ? കരയിലെത്തി എല്ലാവരും കുളിച്ചു വസ്ത്രം മാറി മംഗലാപുരത്തേക്ക്. റോഡിൽ അധികം തിരക്കും പ്രശ്നങ്ങളും ഒന്നും ഉണ്ടായില്ല. എട്ടുമണിയോടെ മംഗലാപുരത്തെത്തി എല്ലാവരും പല വഴിക്കു പിരിഞ്ഞു. ഒരു ലഘുഭക്ഷണവും കഴിഞ്ഞ് കർണാടക ആർ ടി സിയുടെ ബസിൽ ഞാനും മിനുവും കൂടി എറണാകുളത്തേയ്ക്കും. രാവിലെ അവിടുന്ന് ഓരോ ചായയും കുടിച്ചു മിനു തിരുവനന്തപുരം ബസിനു കയറുമ്പോൾ തിരുവല്ലയ്ക്കുള്ള ബസും കാത്ത് ഞാൻ കട്ട വെയിറ്റിംഗിലായിരുന്നു.