രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റായ കാര്യങ്ങൾ; റഫാല്‍ വിവാദം ഊതിപ്പെരുപ്പിച്ചത്: മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍

single-img
9 February 2019

രാഹുൽ ഗാന്ധിക്കെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍  രംഗത്ത്. റഫാല്‍ ഇടപാടിനെക്കുറിച്ച് രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം അസംബന്ധം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്ലാണ് മോഹന്‍ കുമാര്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.

റഫാല്‍ വിവാദത്തിന്റെ രാഷ്ട്രീയത്തില്‍ തനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റായ കാര്യങ്ങളാണ്. റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് എന്നാണ് തോന്നുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടിനെക്കുറിച്ച് പ്രസ്താവന നടത്താന്‍ മാത്രമുള്ള വസ്തുതകള്‍ ഒരു കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാവണമെന്നില്ല- മോഹൻകുമാർ പറയുന്നു.

റഫാല്‍ ഇടപാടില്‍ സര്‍ക്കാര്‍ അനില്‍ അംബാനിയുമായി കരാറൊന്നും ഉണ്ടാക്കിയിട്ടില്ല. ഫ്രഞ്ച് കമ്പനിയായ ദാസോയാണ് അനില്‍ അംബാനിയുടെ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുള്ളത്. അങ്ങനെ കരാറുണ്ടാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഫാല്‍ ഇടപാടിനെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണ്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് പല കാര്യങ്ങളും അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ള അജന്‍ഡ ഇതിനു പിന്നിലുണ്ട്. ഇക്കാര്യത്തില്‍ താന്‍ ആരോടൊപ്പവുമില്ല. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ താന്‍ തന്റെ ജോലി ചെയ്തു. വസ്തുതകള്‍ വളച്ചൊടിക്കുന്നതു കാണുമ്പോള്‍ അതു ചൂണ്ടിക്കാട്ടാനുള്ള അവകാശം തനിക്കുണ്ടെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു.