മസിൽ പെരുപ്പിക്കാൻ യുവാക്കളിൽ കുത്തിവയ്ക്കുന്നത് കോഴികളിലും പന്നികളിലും തൂക്കം കൂട്ടാൻ ഉപയോ​ഗിക്കുന്ന മരുന്നുകൾ; ജിംനേഷ്യങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് നിരോധിത മരുന്നുകൾ

single-img
9 February 2019

കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃ​ഗങ്ങൾക്കുള്ള മരുന്നുകൾ പ്രയോ​ഗിക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്നു  സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളിൽ ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗം നടത്തിയ പരിശോധന നടത്തി. പരിശോധനയിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്തു. മരുന്ന് പിടിച്ചെടുത്ത തൃശ്ശൂരിലെ സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഔഷധ നിയമ പ്രകാരം കേസെടുത്തു.


തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിലെ ഫോർച്യൂൺ ഫിറ്റ്നസ് എന്ന സ്ഥാപനത്തിൽ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. മാസങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകൾ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്ര​ഗ്സ് വിഭാ​ഗം പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്.

മരുന്നുകളെത്തുന്നത് ഓൺലൈൻ വഴിയാണെന്നാണ് അനുമാനം. ബൾ​ഗേറിയ, സൈപ്രസ് എന്നിവിടങ്ങളിൽ നിർമിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്ര​ഗ്സ് കൺട്രോളർ പിഎം ജയൻ പറഞ്ഞു.

കോഴികളിലും പന്നികളിലും തൂക്കം കൂട്ടാൻ  ഉപയോ​ഗിക്കുന്ന ട്രെൻബൊലോൻ, മെത്തനോളൻ, കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ രാസമൂലകങ്ങൾ എന്നിവ അടങ്ങിയതാണ് മരുന്നുകൾ. ​ഗുളികകളും മരുന്നുകളും സിറഞ്ചുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്.