കോൺഗ്രസ് സ്ഥാനാർത്ഥിയാകാനില്ല; ഫുട്ബോളും സിനിമയും ജോലിയും മതിയെന്ന് ഐ എം വിജയൻ

single-img
9 February 2019

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. വരുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള ക്ഷണം നിരസിച്ചുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്നും  വിജയൻ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയക്കാരനാകാൻ തനിയ്ക്ക് താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഐഎം വിജയൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തിരുന്നു.