കോണ്‍ഗ്രസ് പട്ടിക 25ന് മുന്‍പ്; കേരളത്തിൽ സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കും

single-img
9 February 2019

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നൽകാൻ കോൺഗ്രസ്സിൽ ധാരണ. ഇതോടെ വയനാട്, വടകര മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ സിറ്റിങ് എംപിമാരും മത്സരത്തിനുണ്ടാകും എന്ന് ഉറപ്പായി. വയനാട്ടില്‍ എംഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാകും. വടകരയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവിടെയും പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരും.

അതേസമയം ബാക്കിയുള്ള മണ്ഡലങ്ങളിൽ ഈ മാസം 25നകം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസി നിര്‍ദ്ദേശം നൽകിയത്. പട്ടികയില്‍ ഒരു മണ്ഡലത്തിലേക്ക് പരിഗണിക്കേണ്ട മൂന്ന് പേരുടെ പാനല്‍ നല്‍കാനാണ് നിര്‍ദ്ദേശം. വനിതകളുടെയും പുതുമുഖങ്ങളുടെയും പ്രാധാന്യം പട്ടികയില്‍ ഉണ്ടാവണമെന്നും എഐസിസി നിര്‍ദ്ദേശിച്ചു.

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം സ്ഥാനാര്‍ത്ഥിയായാല്‍ മതി എഐസിസി കർശന നിർദ്ദേശം നൽകി. ഇത് പരിഗണിച്ചാകണം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കേണ്ടത്. കൂടാതെ തെരഞ്ഞടുപ്പില്‍ റാഫേല്‍ അഴിമതി പ്രധാന വിഷയമാക്കണമെന്നും മോദിയുടെ നുണപ്രചാരണങ്ങള്‍ തുറന്നു കാട്ടണമെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി.