ബംഗാളിൽ സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി മത്സരിക്കാൻ കോൺഗ്രസിന് ഹൈക്കമാന്റിന്റെ അനുമതി

single-img
9 February 2019

ബംഗാളിൽ സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി മത്സരിക്കാൻ ബംഗാൾ ഘടകത്തിന് കോൺഗ്രസിന് ഹൈക്കമാന്റ് അനുമതി നൽകി. പരസ്‌പരം സ്ഥാനാർത്ഥികളെ നിർത്താതെ മത്സരിക്കാനാണ് ഹൈക്കമാന്റ് നിർദ്ദേശം. ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്താന്‍ വേണ്ടിയാണ് സി പി എമ്മും കോണ്ഗ്രസും സഖ്യത്തില്‍ ഏര്‍പ്പെടുന്നത്.

അതെ സമയം കോൺഗ്രസുമായി നേരിട്ടുളള സഖ്യം വേണോ എന്ന കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യുറോ ഇന്ന് അന്തിമ തീരുമാനമെടുക്കും. സിപിഎമ്മിനെ സംബന്ധിച്ച് കേരളത്തിൽ നിലവിലെ സ്വാധീനം നഷ്ടപ്പെടുത്താൻ സാധിക്കില്ല. അതിനാൽ തന്നെ ബംഗാളിലെ ധാരണയ്ക്ക് കേരളത്തിൽ നിന്നുളള അംഗങ്ങൾ തടസം നിൽക്കുന്നുണ്ട്. ഒത്തുതീർപ്പിനുളള ശ്രമങ്ങളാണ് ഇപ്പോൾ പൊളിറ്റ് ബ്യുറോയിൽ നടക്കുന്നത്.

ബംഗാളിൽ 42 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇവിടെ 34 സീറ്റുകൾ തൃണമൂൽ കോൺഗ്രസും നാല് സീറ്റുകൾ കോൺഗ്രസും രണ്ട് വീതം സീറ്റുകൾ സിപിഎമ്മും ബിജെപിയും ആണ് ജയിച്ചിരിക്കുന്നത്. തൂക്കുസഭ യാഥാർത്ഥ്യമായാൽ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുവച്ചിട്ടുളള മമത ബാനർജിക്ക് 42 സീറ്റും ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ കോൺഗ്രസ്സ് സി പി എം സീറ്റു ധാരണ ഉണ്ടായാൽ പകുതി സീറ്റെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് ഇരു പാർട്ടികളുടെയും കണക്കു കൂട്ടൽ. അങ്ങനെ വന്നാൽ മമതയുടെ അപ്രമാദിത്വം കുറയുമെന്നും ഇരുപാർട്ടികളും കണക്കു കൂട്ടുന്നു.