മുന്നണിക്കുള്ളിൽ നിന്നുകൊണ്ട് പാലം വലിക്കുന്നുണ്ടോ എന്നു സംശയം; എൻഡിഎയിൽനിന്നും ബിഡിജെഎസിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ്

single-img
9 February 2019

എൻഡിഎ മുന്നിൽനിന്നും ബി ഡി ജെ എസിനെ ഒഴിവാക്കണമെന്ന നിലപാടിൽ സംസ്ഥാന ആർഎസ്എസ്  നേതൃത്വം എന്നു സൂചന. ബിഡിജെഎസിൻ്റെ നീക്കങ്ങളിൽ മുന്നണിയിലെ മുഖ്യകക്ഷിയായ ബിജെപിക്ക് സംശയമുണ്ടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മുന്നണിക്കുള്ളിൽനിന്നുകൊണ്ട് അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമം  ബിഡിജെഎസ് നടത്തുന്നുണ്ടെന്നാണ് ബിജെപി- ആർഎസ്എസ് നേതാക്കളുടെ സംശയം.

ബിഡിജെഎസിനെ ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിലെ ആർഎസ്എസ് നേതാക്കൾക്കെന്നാണ് വിവരം. കഴിഞ്ഞദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ സ്ഥാനാർഥിയാകുന്നതിനോട് യോജിപ്പില്ലെന്നും യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നും പറഞ്ഞിരുന്നു. ഇത് യാദൃച്ഛികമല്ലെന്നാണ് സംഘപരിവാർ നേതാക്കൾ സംശയിക്കുന്നത്.

എന്നാൽ ബിഡിജെഎസ് വിഷയം കൈകാര്യംചെയ്യുന്നത് കേന്ദ്ര നേതൃത്വമായതിനാൽ സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എസ്എൻഡിപി യോഗത്തിന് രാഷ്ട്രീയമില്ലെന്നും തനിക്ക് ഈ പാർട്ടിയുമായി ബന്ധമില്ലെന്നും വെള്ളാപ്പള്ളി നടേശൻ മുമ്പ് പറഞ്ഞിരുന്നു.  എന്നാൽ എസ്എൻഡിപി യോഗത്തിനെ മുൻനിർത്തി അദ്ദേഹം രൂപീകരിച്ച പാർട്ടിയാണ് ബിഡിജെഎസ്. ബിജെപിയുമായി ചേർന്നു സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുവാൻ ആണ് അദ്ദേഹം ബിഡിജെഎസ് രൂപീകരിച്ചത്. എന്നാൽ കാലാന്തരത്തിലുള്ള അദ്ദേഹത്തിൻ്റെ മലക്കം മറിച്ചിലാണ് ഇപ്പോൾ സംശയ നിഴലിൽ ആയിരിക്കുന്നത്.

ശബരിമല വിവാദത്തിൽ വെള്ളാപ്പള്ളി സർക്കാർ നിലപാടുകൾക്കൊപ്പമായിരുന്നു.  ശബരിമലയിലെ സംഘപരിവാർ നിലപാടുകളെ അദ്ദേഹം തുറന്നു വിമർശിക്കുകയും ചെയ്തു.  ഇപ്പോൾ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ആയതിനാൽ ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന എൻഡിഎയെ ലക്ഷ്യംവെച്ചാണ് എന്നാണ് ബി.ജെ.പി. വൃത്തങ്ങൾ സംശയിക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ്റെ  പ്രസ്താവന എൽഡിഎഫിനെ പരോക്ഷമായി സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് സംശയം. ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പംനിന്ന് ബിഡിജെഎസ് ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന് ആർ.എസ്.എസ്. നേതൃത്വം കണ്ടെത്തിയിട്ടുണ്ടെന്നും  മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.