മന്നത്തു പദ്മനാഭൻ നവോത്ഥാന നായകനല്ല; സമുദായ സ്നേഹി മാത്രം: സണ്ണി എം കപിക്കാട്

single-img
8 February 2019

കേരള നവോത്ഥാനത്തിന്റെ ഉജ്ജ്വല ചരിത്രത്തില്‍ മന്നത്ത് പത്മനാഭന് എന്ത് പ്രസ്ക്തിയാണുള്ളതെന്ന ചോദ്യമുന്നയിച്ച് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാട്. നമ്മള്‍ നവോത്ഥാനം എന്ന് പൊതുവില്‍ പറയുന്ന, സാമൂഹിക പുരോഗതിക്ക് വേണ്ടി നടന്ന വിശാലമായ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം നിറവേറ്റാന്‍ ശ്രമിച്ചൊരാള്‍ തന്നെയാണ് മന്നത്ത് പത്മനാഭന്‍. പക്ഷേ മന്നത്ത് പത്മനാഭന്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനം ഒരു കമ്യൂണിറ്റിയ്ക്കകത്തുള്ള അനാചാരങ്ങളെ നീക്കം ചെയ്യുകയും അവരെ ആധുനിക പൗരത്യത്തിലേക്ക് നടത്തിക്കൊണ്ടുവരികയും അതുവഴി ഈ സ്റ്റേറ്റിന്റെ റിസോഴ്‌സസും സ്ഥാനമാനങ്ങളും കൈവശപ്പെടുത്തുന്നതുമായിരുന്നുവെന്നും സണ്ണി എം കപിക്കാട് ആരോപിച്ചു.

‘കേരളം ഓര്‍മ്മസൂചിക 2019’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്നും ഇത് സംഘാടകര്‍ ബോധപൂര്‍വം ചെയ്തതാണെന്നും ആരോപിച്ച് കഴിഞ്ഞ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

സാഹിത്യ അക്കാദമി മന്നത്ത് പത്ഭനാഭന്റെ ചിത്രം ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും എന്നാല്‍ കേരളത്തിന്റെ നവോത്ഥാനത്തില്‍ മന്നത്ത് പത്ഭനാഭന് വലിയ സ്ഥാനമൊന്നും ഇല്ല എന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ എന്ന ലിസ്റ്റ് ചരിത്രത്തോട് കാണിക്കുന്ന ഒരു ചതിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ സമുദായത്തിന് ചെയ്തുകൊടുത്ത നല്ല കാര്യങ്ങള്‍ സമുദായം സ്മരിക്കട്ടെ. അക്കാദമി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഉത്തരം നല്‍കാന്‍ അക്കാദമി ബാധ്യസ്ഥരാണ്- അദ്ദേഹം പറഞ്ഞു.

”അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുകയല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പര്‍വതീകരിച്ചുകാണുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്. അദ്ദേഹം ചെയ്തുവെന്ന് പറയുന്ന പ്രവര്‍ത്തനങ്ങളെ ഓരോന്ന് എടുത്ത് പരിശോധിച്ചാല്‍ കമ്യൂണിറ്റിയ്ക്കകത്തെ ചില അനാചാരങ്ങളെ നീക്കം ചെയ്യുകയും ആ കമ്യൂണിറ്റിയിലെ ആളുകളെ ആധുനിക പൗരത്യത്തിലേക്ക് കൊണ്ടുവരികയും സ്റ്റേറ്റിന്റെ അധികാരകേന്ദ്രങ്ങളിലേക്കും സ്ഥാനമാനങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരികയുമായിരുന്നു- സണ്ണി എം കപിക്കാട് പറഞ്ഞു.