മോഹൻലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുന്ന കാര്യം അറിയില്ല; സെൻകുമാർ മത്സരിക്കാമെന്ന് അറിയിച്ചിട്ടില്ലെന്ന് ശ്രീധരൻപിള്ള

single-img
8 February 2019

ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിക്കാൻ മോഹന്‍ലാലിനെ സമീപിച്ച കാര്യം തനിക്ക് അറിയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിളള. മുന്‍ ഡിജിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിൻ്റെ കാര്യം നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.  

സിപിഎമ്മും കോണ്‍ഗ്രസും ഒരേ പോലെ വര്‍ജ്യമായ പ്രസ്ഥാനങ്ങളാണ്. വര്‍ജ്യമായ ഒരു വസ്തുവിനെ രണ്ടാക്കി വെച്ചാല്‍ ഒന്നിന്റെ പേര് കോണ്‍ഗ്രസ് എന്നും മറ്റൊന്നിന്റെ പേര് സിപിഎമ്മുമെന്നുമാണെന്നും ശ്രീധരന്‍ പിളള പറഞ്ഞു.സിപിഎമ്മും ബിജെപിയും ആദ്യഘട്ട ചര്‍ച്ച എവിടെ നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിളള ആവശ്യപ്പെട്ടു.

സിപിഎമ്മുമായും കോൺഗ്രസുമായും തോട്ടി കൊണ്ടുപോലും തൊടാന്‍ ബിജെപി തയ്യാറല്ല. രണ്ടു പാര്‍ട്ടികളോടും ബിജെപിക്ക് ഒരേ സമീപനമാണ്. അടുത്തിടെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ശ്രീധരന്‍പിളളയുടെ പ്രതികരണം.