അന്ന് സുരക്ഷിത കേന്ദ്രത്തിലിരുന്ന് കോൺഗ്രസുകാർ ചോദിച്ചു, ഞങ്ങൾ അയച്ച വള്ളം കിട്ടിയില്ലേ; സലീംകുമാറിൻ്റെ പ്രളയാനുഭവം നിയമസഭയിൽ വെളിപ്പെടുത്തി മുകേഷ്

single-img
8 February 2019

നടന്‍ സലീം കുമാര്‍ പറഞ്ഞ പ്രളയാനുഭവം നിയമസഭയില്‍ പങ്കുവെച്ച് മുകേഷ് എംഎല്‍എ. എല്ലാവരോടും പറയാനായി സലീംകുമാർ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയാണ് മുകേഷ് അനുഭവം പങ്കുവച്ചത്.

കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലീം കുമാര്‍. പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീടും മുങ്ങി. ആദ്യമൊന്നും സലീം കുമാര്‍ പ്രളയത്തെ ഗൗനിച്ചില്ല. പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. അപ്പോള്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം നേതാക്കളായ എസ് ശര്‍മയും പി രാജീവും മാത്രം.

ഒടുവില്‍ സലീം കുമാറിനെയും കൂട്ടരെയും രക്ഷിക്കാന്‍ വള്ളമെത്തി. ആരാണ് തനിക്കുവേണ്ടി വള്ളം വിട്ടതെന്ന് സലീം കുമാര്‍ ചോദിച്ചു. എസ് ശര്‍മ സാറാണെന്നു വള്ളക്കാര്‍ പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കോണ്‍ഗ്രസുകാര്‍ സലീം കുമാറിനോട് ‘ഞങ്ങളയച്ച വള്ളം കിട്ടിയല്ലോ അല്ലേ? ‘ എന്നു ചോദിച്ചതായും സലിംകുമാർ തന്നോട് പറഞ്ഞതായി മുകേഷ് വെളിപ്പെടുത്തി.

എന്നാലും മരണംവരെ താന്‍ കോണ്‍ഗ്രസായി തന്നെ തുടരുമെന്ന് സലീം കുമാര്‍ പറഞ്ഞുവെന്നും മുകേഷ്  വ്യക്തമാക്കി.