ഇവിടെ കള്ളൻതന്നെയാണ് കാവൽക്കാരൻ; മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി

single-img
8 February 2019

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടി കൊള്ളയടിച്ച് അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നുവെന്ന് രാഹുൽ ഷഗാന്ധി.  ഇടപാടില്‍ മോദി ഇടപെട്ടിരുന്നു എന്ന ആരോപണം തെളിഞ്ഞിരിക്കുകയാണെന്നും ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിലും കള്ളം പറഞ്ഞതായും രാഹുല്‍ഗാന്ധി ആരോപിച്ചു.

കാവല്‍ക്കാരന്‍ തന്നെയാണ് കള്ളനെന്ന് തെളിഞ്ഞു. മോദി കാവല്‍ക്കാരനും കള്ളനുമാണ്. മോദിയുടെ ദ്വന്ദമുഖമാണ് വെളിപ്പെട്ടത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയും നിര്‍മ്മല സീതാരാമനും കള്ളമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കരാര്‍ ദുര്‍ബലമായി. അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റഫാല്‍ ഇടപാടില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ നിരന്തരം ആക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സംഭവവികാസങ്ങള്‍ വലിയ ഊര്‍ജ്ജമാകും പകരുക.

ഏറ്റവും സുതാര്യമായ രീതിയിലാണ് റഫാല്‍ ഇടപാട് നടന്നതെന്നും ഒരു തരത്തിലുള്ള ബാഹ്യഇടപെടലും ഇടപാടിലുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പറഞ്ഞിരുന്നത്. പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയെന്ന വിവരം പുറത്തു വന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഇനി പ്രധാനമന്ത്രി നല്‍കേണ്ടി വരും.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പിഎംഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് പ്രതിരോധമന്ത്രിക്ക് വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു.