നിലവിലെ എംഎൽഎമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകേണ്ട; കർശന നിർദ്ദേശവുമായി രാഹുൽഗാന്ധി

single-img
8 February 2019

കോൺഗ്രസ് പാർട്ടിയിലെ നിലവിലെ എംഎൽഎമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകേണ്ടെന്നു അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്കു പരിഗണന നൽകണമെന്നും മുൻപു രണ്ടിൽ കൂടുതൽ തവണ പരാജയപ്പെട്ടവരെ ഒഴിവാക്കി, പുതുമുഖങ്ങളെ രംഗത്തിറക്കണമെന്നും  അദ്ദേഹം നിർദേശം നൽകി.

അതേസമയംഎംഎൽഎമാർ, രാജ്യസഭാ എംപിമാർ എന്നിവരുടെ കാര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇളവനുവദിക്കുമെന്നുള്ള  കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രം. സാധാരണ രീതിയിൽ രാജ്യസഭാ എംപിമാരെയും സ്ഥാനാർഥികളായി പരിഗണിക്കില്ല. ബന്ധുക്കൾ കൂട്ടമായി മത്സരിക്കുന്നത് ഒഴിവാക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി.

ഈ മാസം അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണം. അതിനുവേണ്ടി 20ന് അകം സ്ഥാനാർഥി പട്ടികയ്ക്കു സ്ക്രീനിങ് കമ്മിറ്റികൾ രൂപം നൽകണം. പ്രചാരണം വിലയിരുത്താൻ കേന്ദ്രതലത്തിൽ നിരീക്ഷണ സമിതിയെ നിയോഗിക്കുമെന്നും  രാഹുൽഗാന്ധി പറഞ്ഞു.