ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

single-img
8 February 2019

ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്കിങിന് അവസരമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്. ചെറിയ തുക ഇ.എം.ഐ ആയി അടച്ചതിന് ശേഷം പന്ത്രണ്ട് മാസം കൊണ്ട് മുഴുവന്‍ തുക അടച്ചാല്‍ മതിയെന്നതാണ് പ്രത്യേകത.

യാത്രക്കാരോടുള്ള പ്രതിബദ്ധതയും ബന്ധവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫറെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നവീന്‍ ചൌള വിവിധ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് ഓപ്ഷനില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്കുള്ള സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ പേര് കാണിക്കുന്നയിടത്ത് ക്ലിക്ക് ചെയ്യുമ്പോഴാണ് പുതിയ ഇ.എം.ഐ സൗകര്യത്തെ കുറിച്ച് പറയുന്നത്.

ആക്‌സിസ് ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊടാക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

പ്രതിവാരം 102 സര്‍വീസുകള്‍ ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്നുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകളുണ്ട്.