ഇന്ത്യ വീണ്ടും തോറ്റു; അവസാന പന്തില്‍ കിവീസിന് ജയം

single-img
8 February 2019

വനിതകളുടെ ട്വന്റി 20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. നാലു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് കിവീസ് നേടി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ അവസാന പന്തില്‍ ന്യൂസീലന്‍ഡ് വിജയ റണ്‍ കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം ആദ്യ മല്‍സരത്തിലേതിനു സമാനമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ പ്രിയ പൂനിയയെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ജമീമ–മന്ഥന സഖ്യമാണ് ഇക്കുറിയും ഇന്ത്യയെ കരകയറ്റിയത്.

7.2 ഓവര്‍ ക്രീസില്‍നിന്ന ഈ സഖ്യം 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, സ്‌കോര്‍ 71ല്‍ നില്‍ക്കെ മന്ഥന പുറത്തായശേഷം ഇന്ത്യ കൂട്ടത്തോടെ തകര്‍ന്നു. പിന്നീട് ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. അര്‍ധസെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

53 പന്തുകള്‍ നേരിട്ട ജമീമ, ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 72 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ഥന 27 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (5), ഹേമലത (രണ്ട്), ദീപ്തി ശര്‍മ (ആറ്), അരുദ്ധതി റെഡ്ഡി (മൂന്ന്) എന്നിങ്ങനെയാണ് മധ്യനിരയിലെ പ്രകടനം. രാധാ യാദവ് ആറു റണ്‍സോടെയും മാനസി ജോഷി റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.