റഫാല്‍ ഇടപാട്: മോദിയെ പ്രതിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; പരീക്കറുടെ മറുപടിക്കുറിപ്പ് പുറത്തു വിട്ടു

single-img
8 February 2019

പ്രധാനമന്ത്രിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രതിരോധമന്ത്രിയും കേന്ദ്രസര്‍ക്കാരും. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ അപാകതയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍.

പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നുവെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തൊട്ടുപിന്നാലെ മനോഹര്‍ പരീക്കറുടെ മറുപടിക്കുറിപ്പും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ അപാകതയില്ലെന്ന് കുറിച്ച പരീക്കര്‍ പ്രതിരോധസെക്രട്ടറിയുടെ പ്രതികരണം നീതീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രതിരോധസെക്രട്ടറി ഈ പ്രശ്‌നം പരിഹരിക്കണമെന്നും പരീക്കര്‍ കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

നേരത്തെ, കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയാണ് റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ചര്‍ച്ച പ്രതിരോധമന്ത്രാലയം എതിര്‍ത്തതിന്റെ രേഖ പുറത്ത് വന്നത്. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെന്നും തെളിയിക്കുന്ന രേഖകള്‍ ഇംഗ്ലീഷ് ദിനപത്രം പുറത്തുവിട്ടു. പ്രധാനമന്ത്രി അന്വേഷണം നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.