കെപിസിസിയുടെ ഖജനാവ് കാലിയായി; അഞ്ചു പൈസയില്ലാത്ത സ്ഥിതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
8 February 2019

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പണത്തിനു വഴിയില്ലാതെ നെട്ടോട്ടമോടി സംസ്ഥാന കോൺഗ്രസ് നേതൃത്വം.  സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകാത്തതിന്‌ കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത്‌ മണ്ഡലം കമ്മിറ്റികളാണ്  ഇത്തരത്തിൽ പിരിച്ചുവിട്ടത്.

ഒരു ബൂത്ത് കമ്മിറ്റി 12,000 രൂപയാണ്‌ പിരിച്ചുനൽകേണ്ടത്‌. മണ്ഡലംപരിധിയിൽ വരുന്ന ബൂത്തുകളിലെ ഫണ്ട്‌ ശേഖരിച്ചുനൽകേണ്ടത്‌ മണ്ഡലം കമ്മിറ്റിയുമാണ്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ കെപിസിസി അധ്യക്ഷൻ കമ്മിറ്റികൾ പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു. പണ്ട് പിരിച്ചു നൽകുന്നതിൽ  ഉഴപ്പ് കാണിക്കുന്ന മറ്റു ജില്ലകളിലെ മണ്ഡലം കമ്മിറ്റികൾക്ക്‌ ഒരു താക്കീതുകൂടിയാണ് നേതൃത്വത്തിൻ്റെ നടപടി.

കെപിസിസിയുടെ ഖജാന കാലിയാണെന്നും അഞ്ചുപൈസയില്ലാത്ത സ്ഥിതിയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  കെപിസിസിയുടെ അക്കൗണ്ട് കാലിയാണെന്നു ഖജാൻജി ജോൺസൺ അബ്രഹാമും ശരിവച്ചു. ഞങ്ങൾ സിപിഎമ്മിനെപ്പോലെ സമ്പന്നരുടെ പാർട്ടിയല്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുതന്നെയാണ് ജനമഹായാത്ര നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ ഫണ്ടുപിരിവും ലക്ഷ്യമാണ്. അതിൽനിന്ന് ഒരു വിഹിതം ഡിസിസിയുടെ പ്രവർത്തനത്തിനും കൊടുക്കേണ്ടിവരുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം ഹസൻ സ്ഥാനമൊഴിയുമ്പോൾ ചെറിയ ഫണ്ടുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ജോൺസൺ അബ്രഹാം അറിയിച്ചു.  റഫാൽ അഴിമതി, ശബരിമല വിഷയം എന്നിവയുമായി ബന്ധപ്പെട്ട് 15 ലക്ഷത്തോളം വീടുകളിൽ ലഘുലേഖയെത്തിക്കൽ, രാഹുൽഗാന്ധിയുടെ രണ്ട് പര്യടനം എന്നിവയ്ക്കായി ചെലവുവന്നു. പാർട്ടിക്കു പുറത്തുനിന്ന് ലഭിക്കുന്ന ഫണ്ട് തീരെയില്ല എന്നുതന്നെ പറയാം. അനർഹമായ ഫണ്ട് സ്വീകരിക്കാറില്ല. അക്കാര്യത്തിൽ കെപിസിസി. പ്രസിഡന്റിന്റെ ശക്തമായ നിർദേശമുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻപ് തിരഞ്ഞെടുപ്പുഫണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ കേന്ദ്രത്തിൽ സംസ്ഥാനത്തെക്കാൾ കഷ്ടപ്പാടാണെന്ന് ഖജാൻജി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് വേറെ പിരിക്കണോ എന്നു നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.