പേരൻപിന് മുൻപും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു; ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഞങ്ങളുടെ മക്കളെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഇവിടെയൊക്കെത്തന്നെയുണ്ടാവും: മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയുടെ പിതാവിൻ്റെ കുറിപ്പ്

single-img
8 February 2019

പേരെൻപ് ചിത്രത്തെപ്പറ്റിയുള്ള പോസിറ്റീവ്  നിരൂപണങ്ങൾ സോഷ്യൽമീഡിയയിൽ നിറയുന്നതിനിടെ ജീവിതം സംബന്ധിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയുടെ പിതാവിൻ്റെ കുറിപ്പ്. പേരൻപിന് മുൻപും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുജീബ് പള്ളിമുറ്റം എഴുതിയ കുറിപ്പ് പ്രചരിക്കുന്നത്. കാപട്യങ്ങളറിയാത്ത, മൽസരബുദ്ധിയില്ലാത്ത, അസൂയ, കുശുമ്പ്, സ്വജനപക്ഷപാതം ഇതൊന്നുമില്ലാത്ത ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഞങ്ങളുടെ മക്കളെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടാവുംമെന്നും മുജീബ് കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

മുജീബിൻ്റെ കുറിപ്പ്:

പേരൻപിന് മുൻപും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു…..

തിരക്കുള്ള ബസിൽ അർഹതയുള്ള സീറ്റിന് വേണ്ടി വാദിക്കാതെ ഈ കുട്ടികളെ ചേർത്ത് പിടിച്ച് നിർത്തി ഞങ്ങൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു………

കല്യാണ വീട്ടിലെ തീൻമേശ വലിയ പരിചയമൊന്നുമില്ലാത്തവരുമായി പങ്കു വയ്ക്കേണ്ടി വരുമ്പോൾ ഞങ്ങളുടെ കുട്ടികൾ ഭക്ഷിക്കുന്നതിലെ അസാധാരണത്വം അലോരസപ്പെടുത്തുന്ന മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരുടെ അരികിൽ നിർവികാരതയോടെ ഞങ്ങളിരിപ്പുണ്ടായിരുന്നു………..

ഡോക്ടറെ കാണാനിരിക്കുമ്പോൾ പ്രതേക പരിഗണന അർഹിക്കുന്നവർ എന്ന അവകാശവാദമില്ലാതെ, ഞങ്ങളുടെ കുട്ടികളോട് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംവദിച്ച്, കാഴ്ചവസ്തുക്കളാക്കുന്ന കണ്ണുകളെ അവഗണിച്ച് ഞങ്ങൾ ഊഴം കാത്തിരിപ്പുണ്ടായിരുന്നു………

നാലും കൂടിയ കവലകളിൽ, ബസ് സ്റ്റോപ്പുകളിൽ, ആശുപത്രി വരാന്തകളിൽ, സർക്കാർ ഓഫീസുകളിൽ ദൈവത്തിന്റെ ഈ മക്കളെ, മാലാഖ കുട്ടികളെ മാറോടടക്കി ഞങ്ങളുണ്ടായിരുന്നു……..

കാപട്യങ്ങളറിയാത്ത, മൽസരബുദ്ധിയില്ലാത്ത, അസൂയ, കുശുമ്പ്, സ്വജനപക്ഷപാതം ഇതൊന്നുമില്ലാത്ത ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഞങ്ങളുടെ മക്കളെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടാവും…….

ഭിന്നശേഷിക്കാരായ മുഴുവൻ മക്കളുടെയും മാതാപിതാക്കൾക്കും വേണ്ടി….