മോദിയുടെ വാദങ്ങള്‍ പൊളിയുന്നു?: റഫാലില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നുവെന്ന നിര്‍ണായക തെളിവ് പുറത്ത്; ബിജെപി വെട്ടില്‍

single-img
8 February 2019

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തി.

ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പില്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രതിരോധ മന്ത്രാലയം 2015 നവംബര്‍ 24ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നത്.

2018 ഒക്‌ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശമില്ല.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. നിര്‍ണായക തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.