ജനുവരി മാസത്തിൽ തന്നെ വഴിവക്കിൽ കണിക്കൊന്ന പുവിട്ടു നിൽക്കുന്നതുകണ്ട് മനസ്സ് കുളിർപ്പിക്കാൻ വരട്ടെ; ഈ വേനൽക്കാലം ദുസ്സഹമായിരിക്കുമെന്നുള്ളതിൻ്റെ സൂചനയാണത്

single-img
8 February 2019

വഴിവക്കിൽ കണിക്കൊന്നയും മറ്റും പുവിട്ടു നിൽക്കുന്നതുകണ്ട് മനസ്സ് കുളിർപ്പിക്കാൻ വരട്ടെ. വരാൻ പോകുന്ന വേനൽക്കാലം വറുതിയുടേതാകുമെന്ന സൂചനയാണ് ഇതിലൂടെ പ്രകൃതി നൽകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഫെബ്രുവരിക്കു മുമ്പേ പുവിട്ട കണിക്കൊന്നകൾക്കൊപ്പം മാവ്- പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും പൂവിട്ടു കായ് വന്നുകഴിഞ്ഞത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമാണെന്നു അവർ വ്യക്തമാക്കുന്നു.

മാത്രമല്ല ഈ ജനുവരിയിൽ അനുഭവപ്പെട്ട തണുപ്പ് മറ്റു വർഷങ്ങളിലെക്കാൾ കൂടുതലായിരുന്നു എന്നുള്ളതും സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന വാദത്തിന് അടിവരയിടുകയാണ്. മാര്‍ച്ച്- ഏപ്രിൽ മാസത്തിലുണ്ടാകേണ്ട ചൂടാണ് ഈ ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.  കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതിന് ഭാഗമായിട്ടാണ് ഇത്തരത്തിൽ സസ്യങ്ങള്‍ സമയം തെറ്റി പോവുകയും കാക്കയും ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷകൻ എസ് സുദേവൻ പറയുന്നു.

വൃക്ഷങ്ങളും സസ്യങ്ങളും പൂക്കാനും കായ്ക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് താപനില അനുസരിച്ചാണ്. ഏപ്രിൽ മാസത്തിലെ ചൂട്  അതിനുമുമ്പുള്ള മാസങ്ങളിൽ അനുഭവപ്പെടുകയാണ്. ഈ ചൂടിനെ അനുസരിച്ചാണ് സസ്യങ്ങൾ പൂവിടുകയും വൃക്ഷങ്ങൾ പൂവിട്ടു കായ്ക്കുകയുമൊക്കെ ചെയ്യുന്നത്. സാധാരണ തണുപ്പ് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂട് എത്രത്തോളമാണ് എന്നുള്ളതിന് സൂചനകളാണ് ഈ കാണുന്നത്.  ഇവിടെ പ്രധാനമായും മനസ്സിലാക്കാനുള്ളത് വരുന്ന ചൂടുള്ള മാസങ്ങളിൽ കാഠിന്യം എത്രത്തോളം കൂടുതലായിരിക്കും എന്നുള്ളതാണെന്നും സുദേവൻ പറയുന്നു.

വരുന്ന ഏപ്രില്‍- മെയ് മാസങ്ങളിലെ ചൂടിൽ നിന്നും മനുഷ്യനും മറ്റു ജീവികളും മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണെന്നും സുദേവൻ വ്യക്തമാക്കുന്നു.  പ്രളയം കേരളത്തിലെ കാലാവസ്ഥയിൽ വലിയ രീതിയിൽ വ്യതിയാനം വരുത്തിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത കൂടുതലാണെന്നും സുദേവൻ പറയുന്നു. അതിൻ്റെ ഭാഗമായാണ് ജനുവരിയിൽ അനുഭവപ്പെട്ട തണുപ്പ്.  വരുന്ന വേനൽക്കാലത്ത് ചൂട് കൂടുന്നതിനൊപ്പം ജലദൗർലഭ്യവും സംഭവിക്കാമെന്ന് അദ്ദേഹം സൂചന തരുന്നു.

സംസ്ഥാനത്തു ഭൂഗര്‍ഭജലനിരപ്പും അതിഭീകരമായ അവസ്ഥയിലേക്കു താഴ്ന്നു കഴിഞ്ഞതായും ഭൂഗർഭ ജല അതോറിറ്റി വെളിപ്പെടുത്തിയിരുന്നു.  സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഡിസംബര്‍ മാസത്തോടെ കിണറുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. ഭൂഗർഭ ജനത്തിന് കുറവ് വരുന്നതിനനുസരിച്ച് ജലദൗർലഭ്യം രൂക്ഷമാകുമെന്ന് ഭൂഗർഭ ജല അതോറിറ്റി സൂചനകൾ തരുന്നുണ്ട്.