25 ലക്ഷവും മന്ത്രിപദവിയും; ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ തെളിവുകള്‍ പുറത്ത്

single-img
8 February 2019

കര്‍ണാടകത്തില്‍ ജെഡിഎസ് എംഎല്‍എയെ സ്വാധീനിക്കാന്‍ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഗുര്‍മിത്കല്‍ എംഎല്‍എ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോണ്‍ സംഭാഷണം കുമാരസ്വാമി പുറത്തുവിട്ടു. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖ.

കള്ളപ്പണം ഉപയോഗിച്ച് മോദി തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവരണം. പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് പാര്‍ലമെന്റില്‍ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ഓഡിയോ ടേപ്പ് പുറത്തുവിട്ടത്.

പന്ത്രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ഉണ്ടെന്നും സ്പീക്കര്‍ രമേഷ് കുമാറിന് അമ്പത് കോടി വാഗ്ദാനം ചെയ്‌തെന്നും യെദ്യൂരപ്പയുടേതായി പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. അതേസമയം ആരോപണം യെദ്യൂരപ്പ നിഷേധിച്ചു.

അതിനിടെ യെദ്യൂരപ്പയ്ക്കും മല്ലേശ്വരം എംഎല്‍എയും ബിജെപി നേതാവുമായ അശ്വത് നാരായണിനുമെതിരെ അഭിഭാഷകനായ ആര്‍എല്‍എന്‍ മൂര്‍ത്തി പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയി എന്നാണ് പരാതി നല്‍കിയത്. എംഎല്‍എമാരുടെ വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി.