കലാഭവന്‍ മണിയുടെ മരണം; ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകും

single-img
8 February 2019

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിലെ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.