കെ.പി.സി.സിയുടെ കയ്യിൽ നിത്യ ചിലവിനു പോലും പണം ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ഹസ്സൻ ജനമോചനയാത്ര നടത്തി പിരിച്ച പതിനാറു കോടി എവിടെ എന്ന് പ്രവർത്തകർ

single-img
8 February 2019

ഫണ്ട് നൽകാത്തതിന്റെ പേരിൽ 10 കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടിടപെട്ട് പിരിച്ചുവിട്ടത്തിനു പിന്നാലെ ജനമഹായാത്ര വിവാദത്തിലേക്ക്. കെ പി സി സിയുടെ കൈവശം നിത്യ ചിലവിനു പോലും പണമില്ലെന്നും അതുകൊണ്ടു പ്രവർത്തകർ ഫണ്ട് പിരിച്ചു നൽകണമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞത്. എന്നാൽ അടിക്കടി ഉണ്ടാകുന്ന പാർട്ടി പരിപാടികൾ കാരണം എന്നും ജനങ്ങളുടെ അടുത്തേക്ക് ഫണ്ടിന് വേണ്ടി ചെല്ലാനാകില്ല എന്നാണു പ്രവർത്തകരുടെ നിലപാട്. കൂടാതെ വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തേണ്ടതുണ്ട് എന്നും പ്രവർത്തകർ പറയുന്നു. അതുകൊണ്ടു ഇത്ര വലയ തുക ഇപ്പോൾ കണ്ടെത്തുക പ്രയാസമാണ് എന്നാണു പ്രവർത്തകരുടെ നിലപാട്.

വി എം സുധീരൻ അധ്യക്ഷനായതിനു പിന്നാലെ നിത്യച്ചിലവിനു പോലും കെ പി സി സിയുടെ കൈവശം ഫണ്ടില്ലാതിരുന്ന അവസ്ഥ ഉണ്ടായിരുന്നു. കെ പി സി സി ആസ്ഥാനത്തെ ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയും അന്ന് ഉണ്ടായിരുന്നു. എന്നാൽ സുധീരന് ശേഷം വന്ന എം എം ഹസ്സൻ ഇത് പരിഹരിക്കാൻ വേണ്ടി ജനമോചന യാത്ര നടത്തുകയും 16 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്ഷം ഏപ്രിലാണ് ഹസ്സന്റെ ജനമോചന യാത്ര സമാപിച്ചത്. ഇതിൽ ചിലവു പോയിട്ട് ബാക്കി 12 കോടി രൂപ കെ പി സി സിയുടെ അ​ക്കൗ​ണ്ടി​ൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി അധികാരമേറ്റെടുക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെയാണ് കഴിഞ്ഞ വർഷം ഏപ്രിലില്‍ പിരിച്ച ഫണ്ട് മുഴുവന്‍ കാലിയായത്‌ എന്നാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. കൂടാതെ നേതാക്കളോട് ചോദിക്കാതെ ഏകപക്ഷീയമായി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ട നടപടിയും വിവാദമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പിരിച്ചു വിട്ടില്ല എന്നും ആവശ്യപ്പെട്ട പണം പിരിച്ചു നൽകുവാൻ വേണ്ടി സമയം നൽകുകയാണ് ചെയ്തത് എന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോൾ വിശദീകരിക്കുന്നത്.