വെല്ലിങ്ടണില്‍ കിട്ടിയത് ഓക്ക്‌ലന്‍ഡില്‍ തിരിച്ചുകൊടുത്തു; വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പം

single-img
8 February 2019

ആദ്യ ട്വന്റി 20യിലെ ദയനീയ തോല്‍വിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു. ബൗളിംഗിലും ബാറ്റിംഗിലും മികച്ച ഒത്തിണക്കമാണ് ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ടീം ഇന്ത്യ പുറത്തെടുത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. പരമ്പര ആര്‍ക്കെന്ന് നിശ്ചയിക്കുന്ന അവസാന മത്സരം ഞായറാഴ്ച നടക്കും.

ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഏഴ് പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

50 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി സോധി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ധവാനും ക്രീസ് വിട്ടു. 31 പന്തില്‍ 30 റണ്‍സാണ് ധവാന്‍ നേടിയത്. എട്ടു പന്തില്‍ 14 റണ്‍സെടുത്ത വിജയ് ശങ്കറിന് അല്‍പായുസായിരുന്നു. മിച്ചലിന്റെ പന്തില്‍ സൗത്തിക്ക് ക്യാച്ച് നല്‍കി മടങ്ങി.

അതിനുശേഷം ഒത്തുചേര്‍ന്ന ഋഷഭ് പന്തും എം.എസ് ധോനിയും ഇന്ത്യയുടെ ഇന്നിങ്‌സ് വേഗത്തില്‍ മുന്നോട്ടുനയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും പുറത്താകാതെ 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 40 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 17 പന്തില്‍ 20 റണ്‍സോടെ ധോനിയും ക്രീസില്‍ തുടര്‍ന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ഗ്രാന്ദ്‌ഹോമാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറര്‍.