തിയേറ്ററുകളില്‍ ചിരിപ്പൂരമൊരുക്കാന്‍ ബാലന്‍ വക്കീല്‍ വരുന്നു

single-img
8 February 2019

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മാരസംഭവത്തിനു ശേഷം എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. തമാശയും ആക്ഷനും ത്രില്ലും എല്ലാമടങ്ങുന്ന ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്ന പ്രതീക്ഷകളാണ് ട്രെയിലര്‍ നല്‍കുന്നത്.

ദിലീപ്, സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. വയാക്കോം മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്.

പാസഞ്ചര്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. 2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.

ഈ വേഷത്തിനെ കുറിച്ച് കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും ഈ പേരിനൊരു പ്രത്യേകതയുണ്ട്. ഇത് മൂന്നാംവട്ടമാണ് അനുരാധ എന്നുപേരുള്ള കഥാപാത്രമായി നടി മംമ്ത മോഹന്‍ദാസ് വേഷമിടുന്നത്. ഈ സാമ്യത്തെക്കുറിച്ച് മംമ്ത പറയുന്നതിങ്ങനെ: അനുരാധ എനിക്ക് ഭാഗ്യ കഥാപാത്രമാണെന്ന് പറയാം.

പേര് മാത്രമല്ല വിജയ ചരിത്രവും ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. കോമഡി ചേരുവകളൊക്കെയുള്ള ഒരു മാസ് ചിത്രം തന്നെയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. എല്ലാത്തലത്തിലുമുള്ള പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിവുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ചിത്രം ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.