നരേന്ദ്രമോദി ഇടപെട്ടു; തെരഞ്ഞെടുപ്പ് കഴിയുംവരെ രാമക്ഷേത്ര വിഷയത്തിൽ വിഎച്ച്പി മൗനം പാലിക്കും

single-img
7 February 2019

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം നാല് മാസത്തേക്ക് ഉന്നയിക്കേണ്ടതില്ലെന്ന് വിഎച്ച്പി തീരുമാനിച്ചു. വി എച് പിയുടെ ധർമ്മ സംസദാണ് നരേന്ദ്ര മോദി സർക്കാരിന് തിരഞ്ഞെടുപ്പു കാലത്ത് സഹായകരമായ തീരുമാനം കൈക്കൊണ്ടത്. ക്ഷേത്രനിർമ്മാണം ലോകസഭാതെരഞ്ഞെടുപ്പ് വിഷയം ആകാതിരിക്കാനാണ് തീരുമാനമെന്നും വിഎച്ച്പി രാജ്യാന്തര വർക്കിംഗ് പ്രസിഡണ്ട് അലോക് കുമാറും സെക്രട്ടറി സുരേന്ദ്ര ജയിനും പറഞ്ഞു.

അയോധ്യയിൽ കേന്ദ്രസർക്കാർ നേരത്തെ തർക്കമില്ലാത്ത ഭൂമി രാമജന്മഭൂമി ന്യാസ് ഉൾപ്പെടെയുള്ള ഉടമകൾക്ക് വിട്ടുകൊടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ നാല് മാസത്തിനുള്ളിൽ തീരുമാനം വന്നാൽ അപ്പോൾ വിഎച്ച്പി ഭാവിപരിപാടികൾ ആലോചിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ഇതിനായി പാർലമെൻറ് നിയമം പാസാക്കുകയോ ഓഡിനൻസ് പുറപ്പെടുവിക്കുകയോ വേണമെന്നും നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു വിഎച്ച്പി. രാമക്ഷേത്രം നിർമ്മിക്കുന്നവർക്കു വോട്ടു ചെയ്യും എന്നുപോലും സംഘടനയിലെ നേതാക്കൾ പരസ്യ നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് വിഷയം അയാൾ അത് നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ തുടർച്ചയെ തന്നെ ബാധിക്കും എന്ന അവസ്ഥ ഉണ്ടായപ്പോൾ ആണ് നരേന്ദ്ര മോദി ഇടപെട്ടത് എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത മോദി വിമർശകൻ ആയ പ്രവീൺ തൊഗാഡിയെ വിഎച്ച്പിയിൽ നിന്നും പുറത്താക്കി മോദി വി എച് പിയുടെ തലപ്പത്തു കൊണ്ട് വന്ന ആളാണ് അലോക് കുമാറും സുരേന്ദ്ര ജയിനും.