ശബരിമല കേസില്‍ ഇനി നേരിട്ടു വാദമില്ല; വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി

single-img
7 February 2019

ശബരിമല കേസില്‍ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകര്‍ക്കു വാദം എഴുതി നല്‍കാമെന്നു കോടതി ആവര്‍ത്തിച്ചു. ബുധനാഴ്ചത്തെ ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്ന അഡ്വ. മാത്യൂസ് നേടുമ്പാറയുടെ ആവശ്യം കോടതി തള്ളി.

അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്പാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. അഭിഭാഷകര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാം. എഴുതി നല്‍കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്ന കോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കണോയെന്നതില്‍ വാദം കേട്ടപ്പോള്‍ തന്നെ വാദിക്കാന്‍ അവസരം ലഭിക്കാത്തവര്‍ നിലപാടുകള്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികളും അനുബന്ധ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാന്‍ മാറ്റുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും വാദങ്ങള്‍ എഴുതി നല്‍കുന്നതിന് 7 ദിവസമാണു കോടതി അനുവദിച്ചത്.