ഭവന, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് താത്ക്കാലിക ആശ്വാസം

single-img
7 February 2019

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). റിപോ നിരക്കില്‍ (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്ക്) കാല്‍ശതമാനത്തിന്റെ കുറവാണു വരുത്തിയിരിക്കുന്നത്. ശക്തികാന്ത ദാസ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തതിന്റെ പിന്നാലെയാണ് വായ്പാനയത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നത്.

ഇതോടെ 6.25 ശതമാനമായി റീപോ നിരക്ക് കുറച്ചു. ആറംഗ സമിതിയില്‍ നാലിനെതിരെ 2 വോട്ടിനാണ് റീപോ കുറയ്ക്കാന്‍ തീരുമാനിച്ചത്. 17 മാസത്തിനിടെ ആദ്യമായിട്ടാണ് നിരക്കില്‍ കുറവു വരുത്തുന്നത്. ഇതിനു മുന്‍പ് 2017 ഓഗസ്റ്റിലാണ് നിരക്കു കുറച്ചത്. ഇതോടെ, ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവു വരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായി തുടരും.

പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അമേരിക്കയില്‍ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു.

ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യം നാലുശതമാനത്തിലെത്തിക്കുകയായിരുന്നു. അതിനേക്കാല്‍ താഴ്ന്നതും നിരക്ക് കുറയ്ക്കലിന് പ്രേരണയായി. അടുത്ത വായ്പ നയ അവലോകനയോഗം ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ നടക്കും.