പത്ത് മിനുട്ട് എന്നോട് നേര്‍ക്കുനേര്‍ സംവദിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ?: വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

single-img
7 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിനെ ഭയക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെയും ബി.ജെപി.യെയും കോണ്‍ഗ്രസ് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയോട് താനുമായി പത്ത് മിനുട്ട് സംവാദത്തില്‍ ഏര്‍പ്പെടാമോ എന്നും രാഹുല്‍ ചോദിച്ചു. മോദിജി താങ്കള്‍ പറയുന്നു താങ്കള്‍ക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്ന്. താനുമായി മുഖാമുഖം സംവാദത്തിനായി അങ്ങയെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ദേശീയ സുരക്ഷയിലും റഫാല്‍ വിഷയത്തിലും സംവാദത്തിനായി വെല്ലുവിളിക്കുന്നു. മോദി ഭീരുവാണെന്നും അദ്ദേഹം സംവാദത്തില്‍ നിന്നും ഓടി ഒളിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. മോഹന്‍ ഭഗവതും ആര്‍എസ്എസുമാണ് ഇപ്പോള്‍ രാജ്യത്തെ നയിക്കുന്നത്.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേതല്ല, രാജ്യത്തിന്റേതാണ്. അവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സംസ്ഥാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് കടന്നുകയറിയിരിക്കുകയാണ്. അടുത്ത മൂന്നു മാസം രാജ്യം മോദിയെ പാഠങ്ങള്‍ പഠിപ്പിക്കും. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്രമോദിയുടെ ഭാവം.

തങ്ങള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെ പറയുന്നുണ്ട്. നരേന്ദ്ര മോദിയെ തന്നോടൊപ്പം സ്‌റ്റേജില്‍ പത്ത് മിനുട്ട് സംവാദത്തിന് അയക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും മോദി ഭീരുവാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.