ട്രോള്‍ ഇറക്കിയവനൊക്കെ മനസ്സിലോര്‍ത്തോ; `രവി പൂജാരി ട്രോളുകൾ´ക്കെതിരെ പിസി ജോർജ്

single-img
7 February 2019

അധോലോക നായകന്‍ രവി പൂജാരിയുടെ ഭീഷണി സന്ദേശം ലഭിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ  ട്രോൾ ഇറക്കിയവർക്കെതിരെ പിസി ജോർജ് എംഎൽഎ. ഇപ്പോൾ എല്ലാവർക്കും മറുപടി കിട്ടിയില്ലേയെന്നും എല്ലാവരുടെയും ട്രോളൊക്കെ തീര്‍ന്നില്ലേ എന്നും പിസി ജോർജ് ചോദിച്ചു.

പി സി ജോര്‍ജ് സത്യമേ പറയൂ. ട്രോള്‍ ഇറങ്ങിയില്ലേ, തെണ്ടി മനസ്സിൻ്റെ ഉടമകള്‍. ഞാന്‍ അതിന് മറുപടി കൊടുത്തില്ലല്ലോ. ഇപ്പോ മറുപടി കിട്ടിയില്ലേ അവനൊക്കെ. അവന്റെയൊക്കെ ട്രോളൊക്കെ തീര്‍ന്നില്ലേ ഇപ്പോള്‍. ഞാന്‍ സത്യമേ പറയൂ. ട്രോള്‍ ഇറക്കിയവനൊക്കെ മനസ്സിലോര്‍ത്തോ. അവന്റെയൊക്കെ മനസ്സിന്റെ തെണ്ടിത്തരമാ. ഇത്രയെങ്കിലും പറയേണ്ടെ. ഇച്ചിരി കൂടി കടുപ്പിക്കണോയെന്നും പിസി ജോര്‍ജ് ചോദിച്ചു.

രവി പൂജാരിയുടെ ഭീഷണി സന്ദേശം ആദ്യം ലഭിക്കുന്നത് തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ഇരിക്കുമ്പോഴായിരുന്നു എന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്നായിരുന്നു സംസാരം. നോണ്‍സെന്‍സ്, റാസ്‌കല്‍ എല്ലാം അതിലുണ്ടായിരുന്നു. ഏതെങ്കിലും റൗഡി വിളിച്ച് നമ്പറിടുന്നതായിരുന്നു എന്നാണ് വിചാരിച്ചത്- പിസി ജോർജ്ജ് പറയുന്നു.

+284 എന്ന നമ്പറില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ ഒരാള്‍ മലയാളത്തിലും സംസാരിച്ചു. ഫ്രാങ്കോയെ രക്ഷിക്കാന്‍ തനിക്കെന്ത് കാര്യം എന്ന് ചോദിച്ചു. ആ സെറ്റായിരിക്കും ക്വട്ടേഷന്‍ കൊടുത്തതെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു.