പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കയറ്റിയ കടലിൻ്റെ മക്കൾക്ക് നോബൽ സമ്മാനം നൽകണം; കേരളത്തിൻ്റെ മനസ്സറിഞ്ഞ് മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍

single-img
7 February 2019

പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കയറ്റിയ കടലിൻ്റെ മക്കൾക്ക് നോബൽ സമ്മാനം നൽകണമെന്ന കേരളത്തിൻ്റെ മനസറിഞ്ഞ് ശശി തരൂർ എംപി. പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ മത്സ്യതൊഴിലാളികളെ സമാധാന നോബേല്‍ പുരസ്‌കാരത്തിന് ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശം ചെയ്തു. മത്സ്യതൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു.

ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നോബേലിന് വ്യക്തികളെയോ സംഘങ്ങളെയോ നോമിനേറ്റ് ചെയ്യാന്‍ കഴിയും. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂരിന്റെ നാമനിര്‍ദ്ദേശം.

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനാണ് തരൂര്‍ മത്സ്യതൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണ് എഴുതിയ കത്തില്‍ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തെയും കര്‍മ്മേത്സുകതയെയും അഭിനന്ദിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് നൊബേല്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്നും തരൂര്‍ കത്തില്‍  ചൂണ്ടിക്കാട്ടി.