മോചിപ്പിക്കുക അല്ലെങ്കിൽ ദയാവധം അനുവദിക്കുക; രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ ജയിലിൽ നിരാഹാര സമരത്തിൽ

single-img
7 February 2019

തന്നെ ജയിലില്‍ നിന്നും മോചിപ്പിക്കുകയോ അല്ലെങ്കില്‍ ദയാവധം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മുരുകൻ്റെ നിരാഹാര സമരം. മോചനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് ജയിലില്‍  മുരുകൻ നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.

27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മുരുകനടക്കം ഏഴ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗര്‍വര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. ഇവരുടെ മോചനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. ജയില്‍ അധികൃതര്‍ മുഖേന ജനുവരി 31നാണ് മുരുകന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് നിവേദനം നല്‍കിയത്. എന്നാല്‍ അഞ്ച് മാസം പിന്നിട്ടിട്ടും ഗവര്‍ണര്‍ തീരുമാനം എടുത്തില്ല.

ജയിലില്‍ നിന്നും മോചനം അനുവദിക്കുന്നില്ലെങ്കില്‍ തന്റെ മകന് ദയാവധം നല്‍കണം എന്ന് പേരറിവാളന്റെ അമ്മയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സങ്കീര്‍ണമായ കേസ് ആയതിനാല്‍ സൂക്ഷ്മവശങ്ങള്‍ പരിശോധിച്ചേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളെന്നാണ് ഗവര്‍ണറുടെ നിലപാട്.