സായിപ്പന്മാരും മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയോ ?: മോദിയുടെ ബംഗാളിലെ റാലിക്കെത്തിയ ജനം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അമേരിക്കയിലേത്; സംഘപരിവാര്‍ വ്യാജ പ്രചരണം വീണ്ടും പൊളിഞ്ഞു

single-img
7 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ ഒരു റാലിക്കെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ച ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. മമതാ ബാനര്‍ജിയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്ന് തെളിയിക്കാനും വാദിക്കാനുമായി പാര്‍ട്ടി അണികള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ദേശീയ വെബ്‌സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ബിജെപി റാലി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം പതിനായിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗോധി വിജയ് എന്ന പാര്‍ട്ടി വക്താവിന്റെ ട്വിറ്ററിലാണ് ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിര്‍ത്തിവെക്കേണ്ടിവന്നു എന്ന് പോലും ട്വീറ്റുകള്‍ ഉണ്ടായി. പിന്നീട് പാര്‍ട്ടി അണികള്‍ ഒറ്റക്കെട്ടായി ചിത്രങ്ങള്‍ വൈറലാക്കുകയായിരുന്നു.

ഇയാള്‍ ആദ്യം പോസ്റ്റു ചെയ്ത ആദ്യത്തെ ചിത്രം 2015 ഫെബ്രുവരി അഞ്ചിന് എടുത്തതാണ്. അദ്ദേഹം രണ്ടാമത്തേത് 2013 നവംബര്‍ 17ലെ ചിത്രവും. മൂന്നാമത്തേത് മോദിയുടെ വെബ്‌സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ഇതിനൊപ്പം പ്രചരിച്ച മറ്റൊരു ചിത്രം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബൈ മോദി എന്ന തലക്കെട്ടോടെയാണ് എത്തിയത്.

ലാഫിംഗ് കളേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രം 2018 മാര്‍ച്ചില്‍ വാഷിംഗ്ടണില്‍ നടന്ന ഒരു പരിപാടിയുടേതാണെന്ന് തെളിഞ്ഞിരുന്നു. അന്ന് ഈ ചിത്രം പലമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതുമാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ നരേന്ദ്രമോദി റാലി നടത്തിയത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ചില ദേശീയ മാദ്ധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇത് വളരെ മുന്‍പ് ഉള്ള ചിത്രമാണെന്നും ഇന്ത്യയിലേത് പോലുമല്ല എന്ന് തെളിഞ്ഞത്.

ചിത്രങ്ങള്‍ക്കൊന്നും മോദിയുടെ റാലിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ ടെക് വിദഗ്ദര്‍ക്ക് അധികസമയം വേണ്ടി വന്നില്ല. ഗൂഗിളിന്റെ റിവേഴ്‌സ് സെര്‍ച്ചില്‍ ഒന്ന് തപ്പിയതേയുള്ളു. സംഭവം കൈയ്യോടെ പൊക്കുകയായിരുന്നു.