കുമ്മനത്തെ തിരിച്ചുവേണമെന്ന് കേരളത്തിലെ ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു; കുമ്മനം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും

single-img
7 February 2019

മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരളരാഷ്ട്രീയത്തിലേക്കു മടങ്ങിയേക്കുമെന്നു സൂചനകൾ. കുമ്മനത്തെ തിരിച്ചുവേണമെന്ന് സംസ്ഥാന ആർഎസ്എസ്  ബിജെപി കേന്ദ്ര നേതൃത്വത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. സംഘടനാചുമതലയുള്ള ബി.ജെ.പി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാംലാലും ആർ.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചർച്ചയിലാണ്, ഒൗദ്യോഗികമായിത്തന്നെ ഈയാവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ്   ആർഎസ്എസ് ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബി.ജെ.പി. സംസ്ഥാന കോർ സമിതി യോഗവും ചേർന്നിരുന്നു.

പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആർഎസ്എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ആലോചന. കുമ്മനം അല്ലെങ്കിൽ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആർ.എസ്.എസ്. ആഗ്രഹിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആർ.എസ്.എസ്. നേതൃത്വത്തെ അറിയിച്ചിരുന്നു.  ഇതിനിടെ ഗവർണർ എന്നനിലയിൽ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരൻ വ്യാഴാഴ്ച വൈകീട്ട് കേരളത്തിലെത്തും.