ബി.ജെ.പി നേതാക്കളെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത് ഹെല്‍മറ്റ് ധരിച്ച്

single-img
7 February 2019

ബി.ജെ.പി പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനെ ആക്രമിച്ചതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. ഹെല്‍മറ്റ് ധരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി നേതാക്കളുടെ പ്രതികരണമെടുക്കാനായി എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണമാണ് ആവശ്യപ്പെടുന്നത് എന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുകയാണ് ഈ പ്രതിഷേധത്തിലൂടെ മാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശമെന്ന് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഛത്തീസ്ഗഡില്‍ വെച്ച് ദ വോയ്‌സസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടറായ സുമന്‍ പാണ്ഡെയെ ആക്രമിച്ചത്. മൊബൈലില്‍ ബി.ജെ.പി യോഗം ചിത്രീകരിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വന്ന് വീഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ പരാതി.

മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബി.ജെ.പി വാക്താവ് സച്ചിദാനന്ദ് ഉപാസനെ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടി പരാജയം ചര്‍ച്ച ചെയ്യുന്ന യോഗമാണ് മാധ്യമപ്രവര്‍ത്തകന്‍ മൊബൈലില്‍ ചിത്രീകരിച്ചത്. ഇത് തടഞ്ഞപ്പോഴാണ് കൈയ്യേറ്റമുണ്ടായത്. യോഗ സ്ഥലത്തേക്ക് മൊബൈല്‍ കൊണ്ടുവരരുതെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ സുമന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ആക്രമിച്ചതു കൂടാതെ ഇരുപത് മിനിറ്റോളം സുമനെ സംഭവസ്ഥലത്ത് തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നു. പുറത്തെത്തിയ ശേഷമാണ് സുമന്‍ മറ്റു മാധ്യമപ്രവര്‍ത്തരോട് വിവരം അറിയിച്ചത്. തുടര്‍ന്ന് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പോലീനെ വിവരമറിയിക്കുകയും ചെയ്തു. സുമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ പാര്‍ട്ടി നേതാവ് രാജീവ് അഗര്‍വാളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.