പാര്‍ട്ടി പ്രവര്‍ത്തനം നടത്തിക്കോളൂ, പക്ഷേ അത് പാര്‍ലമെൻ്റില്‍ ഹാജരാകാതിരിക്കാനുള്ള കാരണമാകരുത്; കേരളയാത്രക്ക് അവധി ചോദിച്ച ജോസ് കെ മാണിക്കെതിരെ രാജ്യസഭാധ്യക്ഷന്‍

single-img
7 February 2019

പാര്‍ട്ടി പ്രവര്‍ത്തനം പാര്‍ലമെൻ്റില്‍ ഹാജരാകാതിരിക്കാനുള്ള കാരണമാകരുതെന്ന് കേരള കോണ്‍ഗ്രസ് (എം) ഉപാധ്യക്ഷനും എംപിയുമായ ജോസ് കെ മാണിക്ക് രാജ്യസഭാധ്യക്ഷൻ്റെ ഓര്‍മപ്പെടുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളയാത്ര നടത്താന്‍ രാജ്യസഭയില്‍ നിന്ന് അവധി ആവശ്യപ്പെട്ടപ്പോഴാണ്  ഇടപെടലും ആയി രാജ്യസഭ അധ്യക്ഷൻ രംഗത്തെത്തിയത്. ഒരു തവണത്തേക്ക് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ജോസ് കെ മാണിക്ക് അവധി അനുവദിച്ചു.

ആദ്യമായി രാജ്യസഭയില്‍ എത്തുന്ന വ്യക്തിയായതിനാല്‍ സഭയിലെ ചട്ടങ്ങള്‍ അറിയില്ലായിരിക്കാമെന്നു കരുതിയാണ് ജോസ് കെ മാണിക്ക് അവധി നല്‍കുന്നതെന്നും വെങ്കയ്യ നായിഡു രാജ്യസഭയെ അറിയിച്ചു. ജോസ് കെ മാണിയുടെ അവധിയപേക്ഷ അദ്ദേഹം സഭയില്‍ വായിച്ചു കേള്‍പ്പിച്ചതിന് ശേഷം എം.പി. ഇങ്ങനെയൊരു കത്ത് എഴുതരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

പാര്‍ട്ടിപ്രവര്‍ത്തനം എല്ലാവര്‍ക്കുമുണ്ട്. മതിയായ കാരണം വ്യക്തമാക്കിവേണം അവധിക്ക് അപേക്ഷിക്കാന്‍. പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ ഒന്നും സഭയില്‍ ഹാജരാകാതിരിക്കാനുളള കാരണങ്ങളായി പറയരുതെന്നും അപേക്ഷയുടെ മേല്‍ സഭാധ്യക്ഷന്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.

ജനുവരി 24നാണ് കാസര്‍കോഡ് നിന്ന് കേരളയാത്ര തുടങ്ങിയത്.. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കര്‍ഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു യാത്ര.