രക്തപരിശോധനയിലൂടെ 14ാം മിനിറ്റില്‍ ഹൃദയാഘാതം കണ്ടു പിടിക്കാം: ഉപകരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി

single-img
7 February 2019

രക്തപരിശോധനയിലൂടെ പതിനാലാം മിനിറ്റില്‍ ഹൃദയാഘാതം കണ്ടു പിടിക്കാനുള്ള ഉപകരണമായ ‘കോബാസ് എച്ച് 232 എ’ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി. രോഗികളുടെ തിക്കും തിരക്കും കാരണം കൃത്യസമയത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി ചികിത്സ ലഭ്യമാക്കാന്‍ പാടുപെടുന്ന ഡോക്ടര്‍മാര്‍ക്ക് ഈ ഉപകണം ഏറെ സഹായകമായിരിക്കും.

നിലവില്‍ വന്‍കിട ആശുപത്രികളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. പുതിയ ഉപകരണം ചികിത്സാ രംഗത്തെ വിപ്ലവകരമായ മാറ്റമായാണു ഡോക്ടര്‍മാര്‍ കരുതുന്നത്. സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കണമെങ്കില്‍ രക്തം ലാബില്‍ നല്‍കിയ ശേഷം നാലു മണിക്കൂര്‍ കാത്തിരിക്കണമായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ഈ ഉപകരണത്തിന്റെ പ്രയോജനം ലഭിക്കും. ആശുപത്രി വികസന സമിതിയുടെ ലാബിലാണു രക്തം പരിശോധിക്കുക. ആധുനികമായി പോയിന്റ് ഓഫ് കെയര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഇത് പ്രവര്‍ത്തിക്കുക.