സ്വര്‍ണ വില കുറഞ്ഞു

single-img
7 February 2019

സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിയുന്നത്. റിക്കോര്‍ഡ് ഭേദിച്ച് മുന്നേറിയ ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം വിലയിടിയുന്നത് ആദ്യമാണ്.
24,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്. വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് നേരത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.

അതോടൊപ്പം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം നിലനില്‍ക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഇതിനോടകം 1,440 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. 2018 ഡിസംബര്‍ 31ന് 23,440 രൂപയായിരുന്നു പവന്‍വില.