‘വധുവിന് പ്രായം 45, വരന് 25; പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം’: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്

single-img
7 February 2019

‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” കഴിഞ്ഞ ദിവസം വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ ആയ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിൻറേയും  ഫോട്ടോ വെച്ച്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശമാണിത്.

പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് ഇവര്‍ക്കെതിരെ പടച്ചുവിടുന്നത്. 

വ്യാജ വാർത്തകൾ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയും പഠിക്കുമ്പോൾ പ്രണയബന്ധിതരായ അനൂപും ജൂബിയും ഫെബ്രുവരി 4–ാം തീയതി വിവാഹിതരാകുകയായിരുന്നു. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍ തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്. ജൂബി ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. തങ്ങളെ പറ്റി പല കഥകൾ ആളുകൾ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറയുന്നു.

തങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ വരുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. ഫോട്ടോ വച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ നടത്താനൊരുങ്ങുകയാണ് ഇവരുടെ കുടുംബം.