കാലാവസ്ഥ വ്യതിയാനങ്ങളെ സസൂഷ്മം പ്രതിരോധിക്കുന്ന രാജ്യമായ ഓസ്ട്രേലിയയിലെ ടൗൺസ് വിൽ എന്ന കടലോര പട്ടണത്തെയും പ്രളയം വിഴുങ്ങി: കേരളത്തിലെ പ്രളയത്തിനുകാരണം അശാസ്ത്രീയമായ ഡാം മാനേജ്മെൻ്റാണെന്നു വാദിക്കുന്നവർക്കു മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ്

single-img
7 February 2019

അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മൺസൂൺ മഴ കനത്തതുകാരണം ആസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിൽ ടൗൺസ് വിൽ എന്ന കടലോര പട്ടണം പ്രളയത്തിൽ മുങ്ങിയതുമായി ബന്ധപ്പെട്ട്  ഓസ്ട്രേലിയൻ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൺസൂൺ മഴ കനത്തതുകാരണം റോസ് റിവർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കാൻ അധികൃതർ നിർബന്ധിതരാകുകയും നൂറുകണക്കിനാളുകളോട് വീടൊഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും പെയ്തിരുന്നു.  എന്നാൽ പ്രളയം കടുത്തതോടെ ആയിരം വീടുകളോളം വെള്ളത്തിൽ മുങ്ങുകയും ആയിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കുയും ചെയ്തിരുന്നു.

കേരളത്തിലെ പ്രളയത്തിനുകാരണം അശാസ്ത്രീയമായ ഡാം മാനേജ്മെന്റാണെന്ന് വാദിക്കുന്നവരോടുള്ള  മറുപടി എന്ന നിലയ്ക്കാണ് ഷാബു തോമസ് ഫേസ്ബുക്കിൽ കുറുപ്പ് തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അനന്തരഫലങ്ങളെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. അങ്ങനെയൊരു നാട്ടിൽ, അപ്രതീക്ഷിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്ന് അവിടത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുമ്പോൾ എന്ത് പിടിപ്പുകേടാണ് നമ്മൾ അതിൽ കാണേണ്ടതെന്നും സാബു തോമസ് ചോദിക്കുന്നു.

ഈ പ്രളയത്തിൽ മനുഷ്യജീവനുകൾ പൊലിഞ്ഞില്ലല്ലോ കേരളത്തിൽ അതായിരുന്നില്ലല്ലോ സ്ഥിതി എന്ന് വാദിക്കുന്നവരുണ്ടാകും. ഇവിടെയും ജാഗ്രതാ നിർദ്ദേശവും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പും മാത്രമാണ് കൊടുത്തത്. സ്വത്തിനേക്കാൾ സ്വന്തം ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നാട്ടുകാർ. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും സ്വത്ത് കെട്ടിപ്പിടിച്ച് കിടന്നവരാണ് നമ്മൾ മലയാളികൾ-   ഷാബു തോമസ് പറയുന്നു.

ഗവൺമെന്റ് നിഷ്ക്കർഷിക്കുന്ന സ്ഥലത്ത് ഗവൺമെന്റ് പറയുന്നതുപോലെ വീടുവച്ച് ജീവിക്കുന്നവരാണ് ഇവിടത്തുകാർ. അതിനാൽ, ആര് എവിടൊക്കെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഗവൺമെന്റിനുണ്ട്. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ ഇത് ധാരാളം മതിയെന്നും ഷാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറുപ്പിൻ്റെ പൂർണ്ണരൂപം:

ആസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിൽ ടൗൺസ് വിൽ എന്ന കടലോര പട്ടണം, കേരളം അനുഭവിച്ച പ്രളയക്കെടുതിയുടെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്.

അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മൺസൂൺ മഴ കനത്തതുകാരണം റോസ് റിവർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കാൻ അധികൃതർ നിർബന്ധിതരായി. അതിനുമുമ്പ്‌. നൂറുകണക്കിനാളുകളോട് വീടൊഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

പക്ഷെ, ആയിരം വീടുകളോളം പ്രളയത്തിൽ മുങ്ങി. ആയിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു.

ഇനിയൊന്ന് പുറകോട്ടുപോകാം.

കേരളത്തിലെ പ്രളയത്തിനുകാരണം അശാസ്ത്രീയമായ ഡാം മാനേജ്മെന്റാണെന്ന് വാദിക്കുന്നവരുണ്ട്. സ്ലോമോഷനിൽ ഷട്ടറുകൾ തുറക്കാഞ്ഞത് ഗവൺമെന്റിന്റെ പിടിപ്പുകേടാണെന്ന് വാദിക്കുന്നവർ.

കാലാവസ്ഥ വ്യതിയാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അനന്തരഫലങ്ങളെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. അങ്ങനെയൊരു നാട്ടിൽ, അപ്രതീക്ഷിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്ന് അവിടത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുമ്പോൾ എന്ത് പിടിപ്പുകേടാണ് നമ്മൾ അതിൽ കാണേണ്ടത്?

ഇനി, ഈ പ്രളയത്തിൽ മനുഷ്യജീവനുകൾ പൊലിഞ്ഞില്ലല്ലോ കേരളത്തിൽ അതായിരുന്നില്ലല്ലോ സ്ഥിതി എന്ന് വാദിക്കുന്നവരുണ്ടാകും.

ഇവിടെയും ജാഗ്രതാ നിർദ്ദേശവും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പും മാത്രമാണ് കൊടുത്തത്. സ്വത്തിനേക്കാൾ സ്വന്തം ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നാട്ടുകാർ. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും സ്വത്ത് കെട്ടിപ്പിടിച്ച് കിടന്നവരാണ് നമ്മൾ മലയാളികൾ.

മറ്റൊരു പ്രധാനകാര്യം, ഗവൺമെന്റ് നിഷ്ക്കർഷിക്കുന്ന സ്ഥലത്ത് ഗവൺമെന്റ് പറയുന്നതുപോലെ വീടുവച്ച് ജീവിക്കുന്നവരാണ് ഇവിടത്തുകാർ. അതിനാൽ, ആര് എവിടൊക്കെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഗവൺമെന്റിനുണ്ട്. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ ഇത് ധാരാളം മതി.

പ്രളയത്തിൽ അകപ്പെട്ട ഒരു സ്ത്രീ പറഞ്ഞത് ജീവിതത്തിൽ ഒരിക്കലും അവരുടെ സ്ഥലത്ത് പ്രളയമുണ്ടാകില്ല എന്നതായിരുന്നു അവരുടെ വിശ്വാസമെന്നാണ്. 100 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. പത്തനംതിട്ട ബസ്സ്റ്റാൻഡ് പ്രളയത്തിൽ മുങ്ങുമെന്ന് ആരെങ്കിലും കരുതിയതാണോ? അതുപോലെ.

ചുരുക്കിപ്പറഞ്ഞാൽ, ശാസ്ത്രം എത്രമാത്രം പുരോഗതി കൈവരിച്ചു എന്നവകാശപ്പെട്ടാലും, അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കുമുന്നിൽ മനുഷ്യന് ചിലപ്പോഴൊക്കെ മുട്ടുമടക്കേണ്ടി വരും. അതുമനസ്സിലാക്കാതെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി വിവാദങ്ങളുണ്ടാക്കുന്നത് ആശാസ്യമല്ല.